X

സി.പി.എം നടത്തുന്ന രാഷ്ട്രീയ തീക്കളി-എഡിറ്റോറിയല്‍

സെപ്തംബര്‍ ഒന്‍പതിന് കോട്ടയം പാലാ രൂപതാമെത്രാന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ വിശ്വാസികളോടായി നടത്തിയൊരു പ്രസംഗത്തിലെ ചില ഭാഗങ്ങളുടെ അലയൊലികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ അടങ്ങുന്ന മട്ടില്ല. കാലേക്കൂട്ടി എഴുതിത്തയ്യാറാക്കി പ്രത്യേക മതവിശ്വാസികളെ പ്രതിക്കൂട്ടിലാക്കി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍ കുടത്തില്‍നിന്ന് തുറന്നുവിട്ട ഭൂതത്തിന്റെ അവസ്ഥയിലേക്ക് പരിണമിച്ചിരിക്കുന്നു. അമുസ്‌ലിം പെണ്‍കുട്ടികളെ കൃത്രിമ പ്രണയം നടിച്ച് മതം മാറ്റുന്ന ‘ലൗ ജിഹാദ്’ കേരളത്തിലില്ലെന്ന് പറയാനാകില്ലെന്നും ‘നര്‍ക്കോട്ടിക് ജിഹാദ്’ (മയക്കുമരുന്ന്) കൂടി ഉണ്ടെന്നുമാണ് ബിഷപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.

2009ല്‍ ഹിന്ദു ജാഗരണ്‍ സംഘടനയുടെ വര്‍ഗീയാരോപണത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് സംഘ്പരിവാരശക്തികള്‍ പ്രചരിപ്പിച്ച നുണ ബോംബാണതെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അന്വേഷണഏജന്‍സികളിലൂടെ തെളിഞ്ഞതും ആയത് സുപ്രീംകോടതിയുള്‍പ്പെടെ ശരിവെച്ചതുമാണ്. എന്നിട്ടും സുരേഷ്‌ഗോപി എം.പി അടക്കമുള്ള ബി.ജെ. പി നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചതില്‍ വിസ്മയത്തിന് വകയില്ല. എന്നാല്‍ ഇതിനേക്കാളേറെ ഇപ്പോള്‍ കേരളീയരെ ഞെട്ടിച്ചിരിക്കുന്നത് കേരളംഭരിക്കുന്ന കക്ഷിയുടെയും മുന്നണിയുടെയും ഇക്കാര്യത്തിലെ നിന്ദ്യവും നികൃഷ്ടവുമായ നിലപാടാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെ കേസെടുക്കില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തെ ലഘൂകരിക്കാന്‍ പരിശ്രമിച്ചെങ്കിലും സ്വന്തം മന്ത്രിയെ വിട്ട് ബിഷപ്പിനെ അദ്ദേഹത്തിന്റെ അരമനയില്‍ ചെന്നുകണ്ടത് നാടിനു നല്‍കിയ സന്ദേശമെന്താണ്? അതും പോരാഞ്ഞ്, ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നുംവരെ വാസവന്‍മന്ത്രി പറഞ്ഞുകളഞ്ഞു. ആയത് ഒരു സര്‍ക്കാരിനോ കേരളീയ പൊതുസമൂഹത്തിനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ചേര്‍ന്നതാണോ? നടപടിയെടുക്കാന്‍ നിയമപരമായി ഉത്തരവാദിത്തപ്പെട്ട ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്.

അതുകൊണ്ടുതന്നെ വലിയ ഇടവേളയില്ലാതെ മറ്റു രണ്ട് ക്രിസ്തീയ വൈദികരും ഏതാണ്ട് സമാനമായ പ്രസ്താവനകള്‍ നടത്തുന്നതും കൈരളിക്ക് കേള്‍ക്കേണ്ടിവന്നു. കന്യാസ്ത്രീകള്‍ക്കായി കുര്‍ബാന നടത്തിയ വൈദികന്‍ മുസ്‌ലിംകളുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും അവരുടെ ഓട്ടോറിക്ഷകളില്‍ കയറരുതെന്നും പറഞ്ഞുവെങ്കില്‍, കേരളത്തില്‍ ഈഴവരും ക്രിസ്തീയ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റുന്നതായാണ് ഫാദര്‍ റോയ് കണ്ണഞ്ചിറ യാതൊരു തെളിവുകളുമില്ലാതെ തട്ടിവിട്ടത്. ഇതിനിടെ തന്നെയാണ് താമരശ്ശേരി രൂപതയുടെ കൈപ്പുസ്തകത്തില്‍ മുസ്‌ലിംകള്‍ ക്രിസ്തീയ പെണ്‍കുട്ടികളെ ആഭിചാര വിദ്യകളിലൂടെ മതം മാറ്റുന്നതായി രേഖപ്പെടുത്തപ്പെട്ട ഭാഗവും പുറത്തുവന്നത്. മുസ്‌ലിം നേതാക്കളുമായി കോഴിക്കോട്ട് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താമരശേരി രൂപത കൈപ്പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കുകയും ഈഴവ ജിഹാദിനെ അതുന്നയിച്ച വൈദികന്‍ തള്ളിപ്പറയുകയും ചെയ്‌തെങ്കിലും പ്രശ്‌നം അവിടെ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ് ഇന്നലെ മറ്റൊരു സമുദായ നേതാവ് നടത്തിയ വിവാദ പ്രസ്താവന. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെങ്കില്‍തന്നെ ഒരോ കുട്ടികളെ മാത്രമേ മതം മാറ്റുന്നുള്ളൂവെന്നും ക്രൈസ്തവനേതൃത്വം ഹിന്ദു കുടുംബങ്ങളെ അപ്പാടെ മതം മാറ്റുകയുമാണെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചത്.

ഈയൊരു ഘട്ടത്തില്‍ ഒരു ഭരണകൂടവും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നയാളും ചെയ്യേണ്ടത് പ്രതിഭാഗത്തെ താലോലിക്കുകയും ഇര ഭാഗത്തെ തീവ്രവാദികളാക്കുകയുമായിരുന്നോ. ബിഷപ്പിന്റെ പ്രസ്താവനയുടെ പേരില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പിണറായിയും പൊലീസും ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കുറുക്കന്റെ ചോര കുടി വിദ്യക്കപ്പുറമുള്ള വേട്ടക്കാരന്റെ പക്ഷംചേരലാണിത്.

ഭരണകൂടത്തിന്റെ അക്ഷന്തവ്യമായ അപരാധവും. ഇതര ക്രിസ്ത്രീയസഭകളിലെ മതമേലധ്യക്ഷന്മാരും ബഹുഭൂരിപക്ഷം വിശ്വാസികളും ബിഷപ്പിനെതള്ളി രംഗത്തുവന്നപ്പോഴും നാലു വോട്ടിലാണ് സി.പി.എമ്മിന്റെ കണ്ണ്. അധികാരത്തിനുവേണ്ടി നൂറ്റാണ്ടുകളായുള്ള കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും സമുദായ സൗഹാര്‍ദത്തെയും മതേതര പ്രബുദ്ധതയെയും ബലികൊടുക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഇത്തരത്തിലൊരു പ്രീണന നയത്തിന് സി.പി.എം തയ്യാറായിരുന്നുവെന്നതിന് മുസ്‌ലിം നേതാക്കള്‍ക്കെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും അതിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനകളും 80:20 വിവാദവും തെളിവായുണ്ട്.

തുടര്‍ഭരണത്തിനുള്ള ഉഴുതുമറിക്കലായിരുന്നു അത്. ഇവിടെ കേന്ദ്ര, സംസ്ഥാന ഭരണപ്പാര്‍ട്ടിക്കാര്‍ തമ്മിലെന്താണ് വ്യത്യാസം. കോണ്‍ഗ്രസിന്റെയും ‘സമസ്ത’യുടെയും നേതൃത്വങ്ങളും ഇന്നലെ തിരുവനന്തപുരത്ത് സര്‍വമത യോഗം വിളിച്ചുചേര്‍ത്ത കര്‍ദിനാളും കാണിച്ച പക്വമതിത്വമെങ്കിലും ഉത്തരവാദ ഭരണകൂടത്തില്‍നിന്നും ഭരണകക്ഷിയില്‍ നിന്നുമുണ്ടായില്ല എന്നത് കേരളത്തിന്റെ ദുര്യോഗമാണ്. പ്രതിപക്ഷം വര്‍ഗീയത കളിക്കുകയാണെന്ന് ഇക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാനും നല്ല ചേലുണ്ട്! തിരുവനന്തപുരത്തെ സര്‍വമത നേതൃയോഗത്തിന്റെ അഭ്യര്‍ത്ഥനയും അന്തസ്സത്തയും എല്ലാവരും ഉള്‍ക്കൊണ്ട് പ്രശ്‌നം എത്രയുംവേഗം അവസാനിപ്പിക്കുകയാണ് ഇനി വേണ്ടത്.

 

Test User: