പ്രസിഡന്റ് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു
കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുനന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന മേയ് എട്ടു വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി റനില്‍ വിക്രമസിങ്കെയ്ക്ക് എതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ആറു ശ്രീലങ്കന്‍ മന്ത്രിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ നടപടി. സിരിസേന നേതൃത്വം നല്‍കുന്ന ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടി മന്ത്രിമാരാണു രാജിവെച്ചത്. ഫ്രീഡം പാര്‍ട്ടിയും വിക്രമസിങ്കെയുടെ യു.എ ന്‍പിയും ഉള്‍പ്പെട്ട മുന്നണിയാണ് ശ്രീലങ്കയില്‍ ഭരണം നടത്തുന്നത്. രാജിവെച്ച ആറു പേര്‍ക്കു പുറമേ മറ്റ് ഏതാനും ഫ്രീഡം പാര്‍ട്ടി മന്ത്രിമാരും അവിശ്വാസത്തെ അനുകൂലിച്ചിരുന്നു. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുന്നണിക്കു പരാജയം നേരിട്ടതിനെത്തുടര്‍ന്നു വിക്രമസിങ്കെ രാജിവെക്കണമെന്നു സിരിസേന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടെ സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടുചെയ്യാന്‍ സിരിസേന പാര്‍ട്ടിക്കാര്‍ക്കു നിര്‍ദേശം നല്‍കി. തമിഴ്, മുസ്‌ലിം ന്യൂനപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ വിക്രമസിങ്കെ അവിശ്വാസത്തെ അതിജീവിച്ചത് സിരിസേനയ്ക്കും പ്രതിപക്ഷത്തുള്ള മുന്‍ പ്രസിഡന്റ് രാജപക്‌സെയ്ക്കും കനത്ത തിരിച്ചടിയായി.