തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപണമുയരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വൈകീട്ട് 4.45ന് സെക്രട്ടറിയേറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരാനാണ് പൊലീസിനെയും അഗ്നിശമനസേനയേയും വിവരമറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലുള്ള പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ വിഭാഗം ഓഫീസിലാണ് തീപിടിച്ചത് എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗം ഉള്‍പ്പെടുന്ന സ്ഥലത്ത് തീപിടിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
തീപിടിച്ചതിന് പിന്നാലെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ചീഫ് സെക്രട്ടറി നേരിട്ടെത്തി മാധ്യമങ്ങളേയും പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയക്കാരേയും പുറത്താക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. മാധ്യമങ്ങളെ പുറത്താക്കാന്‍ ചീഫ് സെക്രട്ടറി കാണിച്ച തിടുക്കം സംഭവത്തില്‍ സര്‍ക്കാറിന് പലതും ഒളിക്കാനുണ്ടെന്നതിന്റെ തെളിവാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് ഒരു പരിശോധനയുമില്ലാതെ ചീഫ് സെക്രട്ടറി പ്രസ്താവന നടത്തിയതും വിവാദമായി. തുടര്‍ന്ന് ഒരു ഭരണപക്ഷ നേതാവിനെപ്പോലെയായിരുന്നു ചീഫ് സെക്രട്ടറി പെരുമാറിയത്. സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കരുത്. അങ്ങനെ വന്നാല്‍ നാളെ തന്റെയും മുഖ്യമന്ത്രിയുടേയും ഓഫീസിലേക്ക് ആളുകള്‍ തള്ളിക്കയറുന്ന സ്ഥിതി വരും. അത് അനുവദിക്കില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.
സെക്രട്ടറിയേറ്റിലേക്ക് കടത്തിവിടണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ വിഎസ് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. തീപിടിത്തത്തില്‍ ദുരൂഹതയുള്ളതിനാലാണ് ആരെയും അകത്തേക്ക് വിടാത്തതെന്ന് ശിവകുമാര്‍ ആരോപിച്ചു. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും അകത്തേക്ക് വിടാത്തതിനാല്‍ ശിവകുമാറും വി.ടി ബല്‍റാമും അടക്കമുള്ള നേതാക്കള്‍ സെക്രട്ടറിയേറ്റിന് പുറത്ത് പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ക്ക് തീവെച്ചിരിക്കുകയാണെന്നും സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.