ഭഗവാന്‍ ശ്രീകൃഷ്ണനെക്കുറിച്ച് പൂവാലനെന്ന് പരാമര്‍ശിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വിവാദമായി. ഉത്തര്‍പ്രദേശില്‍ ആന്റി-റോമിയോ സ്‌ക്വാഡിന്റെ ശിക്ഷാനടപടിക്കിരയായ നിരപരാധിയായ യുവാവിന്റെ വീഡിയോ പുറത്ത് വന്ന സാഹചര്യത്തില്‍ ചെയ്ത ട്വീറ്റാണ് വിവാദമായത്. സ്്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന യഥാര്‍ഥ പൂവാലന്മാരെ പിടികൂടുന്നതിന് പകരം സംസ്ഥാന പൊലീസിന്റെ പിന്തുണയോടെ സ്‌ക്വാഡ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് ഭൂഷണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതികരിച്ചത്.
യോഗി ആദിത്യനാഥിന് തന്റെ സ്വയം-നിയമിത സ്‌ക്വാഡിനെ ആന്റി-കൃഷ്ണ സ്‌ക്വാഡ് എന്ന് തിരുത്തി വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് സ്വരാജ് അഭിയാന്‍ സ്ഥാപകരിലൊരാള്‍ കൂടിയായ പ്രശാന്ത് ഭൂഷണ്‍ചോദിച്ചു. ” റോമിയോ ഒരാളെ മാത്രമേ പ്രണയിച്ചിരുന്നുള്ളൂ. അങ്ങനെ നോക്കിയാല്‍ ശ്രീകൃഷ്ണനാണ് പൂവാലപ്രഭു. ആദിത്യനാഥിന് തന്റെ ടീമിനെ ആന്റി-കൃഷ്ണന്‍ സ്‌ക്വാഡ് എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ?” -പ്രശാന്ത് ഭൂഷണ്‍ ചോദിക്കുന്നു.
ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. അതേസമയം പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ ദേവനെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ കോടതി കയറ്റുമെന്നും ഭീഷണി മുഴക്കി മതവിഭാഗങ്ങള്‍ രംഗത്തെത്തി.
ഇതിനിടെ, ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് ബി.ജെ.പി നേതാവ് താജീന്ദര്‍ ബഗ്ഗ പ്രശാന്ത് ഭൂഷണെതിരെ പൊലീസിന് പരാതി.
എന്നാല്‍ ഒരു മതത്തിന്റെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമില്ല. പുരാണത്തില്‍ ഗോപികമാരെ കളിയാക്കിയും മറ്റും വളര്‍ന്ന കൃഷ്ണന്റെ കഥ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം കാര്യങ്ങളെ ക്രിമിനല്‍വത്കരിക്കാനാണ് ഉപയോഗിക്കുന്നത് എന്നും പരാതിയെപ്പറ്റി ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.