X

പൊലീസ് തൊപ്പിവെച്ച് ഡി വൈ എഫ് ഐ നേതാവിന്റെ സെല്‍ഫി

കോട്ടയം: പൊലീസ് സ്‌റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവെച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുനാണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫി എടുത്തത്. സംഭവം വിവാദമായതോടെ സെല്‍ഫിയെടുത്ത ഡിവൈഎഫ്‌ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോട്ടയം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റാണ് മിഥുനെ സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനം എടുത്തത്.

കുമരകത്ത് കഴിഞ്ഞ ദിവസം നെഹ്‌റു ട്രോഫി വളളംകളിയുടെ പരിശീലന തുഴച്ചിലിനിടെയാണ് സിപിഐഎം ബിജെപി സംഘര്‍ഷമുണ്ടാകുന്നത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റിനെയും ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായ കുമരകം തൈപ്പറമ്പില്‍ മിഥുന്‍ അറസ്റ്റിലാകുന്നത്.

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെ പൊലീസ് സ്‌റ്റേഷനിലെത്തിയ മിഥുന്‍ പുലര്‍ച്ചെ രണ്ടുമണിയോട് അടുത്താണ് നവകേരളം, ഡിവൈഎഫ്‌ഐ തിരുവാര്‍പ്പ് എന്നി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ എസ്‌ഐയുടെ തൊപ്പിവെച്ചുളള സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്യുന്നത്. മിഥുന്‍ എസ്‌ഐയുടെ തൊപ്പിവെച്ചിരിക്കുന്ന സെല്‍ഫി ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോട്ടയം ഡിവൈഎസ്പിയാണ് എസ്‌ഐയുടെ തൊപ്പി പ്രതിയുടെ തലയില്‍ വന്നതെങ്ങനെയെന്ന് അന്വേഷിക്കുക.

chandrika: