കൊച്ചി: സിനിമ സെറ്റുകളില്‍ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കം. താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം നിരവധി പേരാണ് സഹായികളായി സിനിമ സെറ്റുകളിലെത്തുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രിമിനല്‍, മയക്കുമരുന്ന് കേസുകള്‍ അടക്കം ഇവരുടെ പേരില്‍ ഉണ്ടോയെന്ന് പരിശോധിച്ച് അതാത് സ്‌റ്റേഷനുകളില്‍ നിന്ന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം.
ഇതുസംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍മാതാക്കളുടെ സംഘടനക്ക് കത്ത് കൈമാറി. നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കത്തിലെ നിര്‍ദേശം താരസംഘടനയായ അമ്മയെയും, ഫെഫ്ക്കയെയും അറിയിക്കും. കൊച്ചിയില്‍ 19ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം നിര്‍ദേശം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് പ്രഡിസന്റ് എം.രഞ്ജിത് പറഞ്ഞു.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലഹരി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷൂട്ടിങ് സെറ്റുകളില്‍ നിലവില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സര്‍ട്ടിഫിക്കറ്റ് സംവിധാനം.