കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കെതിരെ രാജ്യ തലസ്ഥാനത്തുണ്ടായ പോലീസ് അതിക്രമം ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് വടകര എംഎല്‍എ കെകെ രമ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണുന്ന സമയത്തുതന്നെ കേരളത്തിലെ എം.പി മാരെ ദില്ലി പൊലിസ് തല്ലിച്ചതച്ചത് ആസൂത്രിതമാണെന്ന് രമ പറഞ്ഞു.
കെ.മുരളീധരനും ഹൈബി ഈഡനുമടക്കമുള്ള എം.പിമാരെ നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു പൊലിസ്. വനിത എം.പിയായ രമ്യ ഹരിദാസിനെ പുരുഷ പൊലിസാണ് കയ്യേറ്റംചെയ്തത്. കെ.റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസ് എം.പിമാരെ കയ്യേറ്റം ചെയ്തതില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും നരേന്ദ്രമോദി സര്‍ക്കാരും മറുപടി പറയണമെന്ന് രമ വ്യക്തമാക്കി.
കെ.റയില്‍ വിരുദ്ധ സമരത്തെ തല്ലിയൊതുക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും പ്രഖ്യാപിത നിലപാടിന്റെ നടത്തിപ്പുകാരവുകയാണോ കേന്ദ്രസര്‍ക്കാരെന്ന് സംശയിക്കേണ്ടിയിരിക്കുകയാണ്. കെ.റയില്‍ വിരുദ്ധ സമരത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ച കേളത്തിലെ ബി.ജെ.പി സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും രമ കൂട്ടിചേര്‍ത്തു.