X

കെണിയൊരുക്കി വീഴ്ത്തും;സമൂഹ മാധ്യമ ഉപയോഗത്തില്‍ സൂക്ഷ്മത വേണമെന്ന് പൊലീസ്

സമൂഹ മാധ്യമങ്ങളില്‍ കെണിയൊരുക്കി വീഴ്ത്തുന്ന അപരിചിതരാല്‍ വഞ്ചിതരാകുന്നവരുടെ എണ്ണം കൂടുന്നു. മാനഹാനി ഭയന്ന് പണം നല്‍കി തീര്‍പ്പാക്കാനാകാതെയും കുടുങ്ങി നിരവധി പേര്‍. സൈബര്‍ കേസുകളും കൂടുന്നു മുന്‍ വര്‍ഷത്തേക്കാള്‍. പ്രായ വ്യത്യാസമില്ലാതെ വിദ്യാസമ്പന്നര്‍ പോലും കെണിയില്‍പെട്ടുപോകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടരുതെന്ന് പൊലീസ് മുന്നറിയിപ്പ്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയാണ് അപരിചിത സുഹൃത് സംഘത്തിന്റെ തട്ടിപ്പ് സജീവമാകുന്നത്. ചാറ്റില്‍ നിന്ന് തുടങ്ങി വീഡിയോകോളിലൂടെയും സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മുന്‍ വര്‍ഷങ്ങളേക്കാളും വര്‍ധിച്ച് വരുന്ന സൈബര്‍ കേസുകളില്‍ അശ്ലീല ചിത്രങ്ങളില്‍ ആകൃഷ്ടരായി ഫോണ്‍ കെണിയില്‍ വഞ്ചിതരായവരുമുണ്ടെന്നാണ് പൊലീസ് കണക്കില്‍ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ മുഖേന നടന്ന വിവിധ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ കേസുകളില്‍ 426ഉം കടന്ന് ഈ വര്‍ഷം ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയത് 565 കേസുകളാണ്. സൈബര്‍ കേസുകളില്‍ 2016ല്‍ രേഖപ്പെടുത്തിയത് 283 കേസുകളാണ്. 2017ല്‍ 320, 2018ല്‍ 340, 2019ല്‍ 307 എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്ക്. വാട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നിവയിലൂടെ വീഡിയോ കോള്‍ കെണിയൊരുക്കി നടക്കുന്ന തട്ടിപ്പുകള്‍ അടുത്തിടെയായി വര്‍ധിച്ചതായി പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു.

മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്റ് ചെയ്താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുന്നതില്‍ തുടങ്ങുന്നു തട്ടിപ്പ്. വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നയാളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്തതിന് ശേഷമാണ് പണം ആവശ്യപ്പെടുക. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന ഭീഷണിയും പണം കൈക്കലാക്കാന്‍ അപരിചിത സംഘം പയറ്റുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ഭീഷണി. പലരും മാനഹാനി ഭയന്ന് പണം അയച്ച് നല്‍കിയെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് വിടാതെ പിന്തുടരുകയാണ് തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ഘട്ടങ്ങളിലെത്തുമ്പോഴാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. വീഡിയോ കോള്‍ ചെയ്തതിന്റെ ലിങ്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുകയാണ്. ഫെയ്‌സ്ബുക് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ ശേഖരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. റിക്വസ്റ്റായും ലിങ്ക് അയച്ചുമാണ് അപരിചിത സംഘം പലരെയും വലയിലാക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകളിലൂടെയും വ്യാജ പ്രൊഫയിലിലൂടെ സൗഹൃദം സ്ഥാപിക്കുന്ന സംഘവുമുണ്ട്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയിലൂടെ ഫോട്ടോയും വീഡിയോയും അയക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നതാണ് മറ്റൊരു രീതി. അക്കൗണ്ട് നമ്പറോ, ഗുഗ്ള്‍ പേ ആപ്പുള്‍പ്പെടെ നല്‍കിയാണ് പണം ആവശ്യപ്പെടുക. ഒരു ഫോട്ടോയ്ക്ക് 500 രൂപയില്‍ നിന്ന് തുടങ്ങി വന്‍തുക ആവശ്യപ്പെടുന്നതിലേക്കെത്തി നില്‍ക്കുന്നു തട്ടിപ്പ്. വീഡിയോയ്ക്ക് 500, 1000 രൂപയില്‍ നിന്ന് തുടങ്ങി വശീകരണ തന്ത്രങ്ങളിലൂടെ വന്‍തുകയാണ് തട്ടിയെടുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളും അശ്ലീല ചിത്രങ്ങളാല്‍ വശീകരിച്ച് പണം തട്ടുന്ന സംഘത്തിലുണ്ട്. ഫിലിപ്പൈന്‍ സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അപരിചിതരുടെ കെണിയില്‍ നിന്നൊഴിവാകാന്‍ ഇത്തരക്കാരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സമൂഹ മാധ്യമ ഉപയോഗത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും വാട്‌സ്ആപ്പില്‍ അപരിചിതരുടെ വീഡിയോ കോള്‍ സ്വീകരിക്കുമ്പോള്‍ കെണിയെ കുറിച്ച് കരുതിയിരിക്കണമെന്നുമാണ് പൊലീസ് നിര്‍ദ്ദേശം.

 

 

Test User: