കൊല്ലം: ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിന് മര്‍ദ്ദനമേറ്റ സംഭവം ചര്‍ച്ചയ്ക്കെടുത്ത ദിവസം വേണു ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാധാരണ സംഘര്‍ഷത്തെ മതപരമാക്കി വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് വേണു ശ്രമിച്ചതെന്ന്് പരാതിയില്‍ പറയുന്നു.
ജൂണ്‍ 7ന് വേണു ബാലകൃഷ്ണന്‍ നയിക്കുന്ന മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവം അരങ്ങേറിയത്. പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്‍ ഉസ്മാന്‍ വിഷയത്തിലെ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്.
തുടര്‍ന്ന് വേണു മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ബിജു കൊല്ലംസിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ചര്‍ച്ചയുടെ തുടക്കത്തില്‍ വേണു പറഞ്ഞ വാചകങ്ങള്‍ ബോധപൂര്‍വ്വവും ദുരുദ്ദേശപരവുമായി പറഞ്ഞതാണ്. സമാധാന പൂര്‍വ്വം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിവേചനവും വളര്‍ത്താനാണ് വേണു ആ വാക്കുകള്‍ ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു. പരിപാടിയുടെ വീഡിയോ സഹിതമാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം വേണുവിന്റെ നടപടി കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. വേണുവിനെതിരെ കേസെടുത്ത പൊലീസും 153 എ പ്രകാരം തന്നെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വേണുവിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും.