X

കൂടത്തായി തുടര്‍മരണങ്ങള്‍; ചുരുളഴിയുന്ന പരിശോധന റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്‍ഡിഒയുടെയും മുന്‍കൂര്‍ അനുവാദത്തോടെ കല്ലറ തുറന്നത്.

അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്‍ തിരിച്ചു സംസ്‌കരിച്ചു. ഫോറന്‍സിക് പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്‍ കഷണങ്ങള്‍ എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ ഇവ പരിശോധിക്കും.

അതേസമയം ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീങ്ങാന്‍ പരിശോധനാഫലം പൂര്‍ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.

16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്‍ ജോലിയുമുള്ള റോജോയാണ് മരണത്തില്‍ ദുരൂഹത അറിയിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. 

സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്‍ നാട്ടിലുള്ള ഏകമകള്‍ രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്‍ പൊലീസ് നടപടിക്ക് ദൃക്‌സാക്ഷിയാവാന്‍ എത്തിയിട്ടുണ്ട്.

റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പല കാലയളവിലായി മരിച്ചത്.

2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. ആറുവര്‍ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്‍ഷം 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്‍ പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുണ്ടായിരുന്നത്. ഇതില്‍ ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും പിന്നീട് തുടര്‍ നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരു കുടുംബത്തിലുള്ളവര്‍ ഒരേ രീതിയില്‍ മരിച്ചതാണ് ബന്ധുക്കളില്‍ ചിലരില്‍ സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും.

chandrika: