X

അട്ടപ്പാടി വെടിവയ്പ്; പൊലീസിനെ ന്യായീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവവെച്ച പൊലീസിനെ ന്യായീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നും ആത്മരക്ഷാര്‍ത്ഥമുള്ള വെടിവയ്പാണ് പൊലീസ് നടത്തിയതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ട് ബെഹ്‌റ ചൂണ്ടിക്കാട്ടി. അതേസമയം പ്രാഥമിക റിപ്പോര്‍ട്ടാണ് നിലവില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും.

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിക്കാനാണ് വെടിയുതിര്‍ത്തതെന്നാണ് വാദം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സുപ്രീംകോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ 30 റൗണ്ട് വെടിയുതിര്‍ത്തെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മാവോയിസ്റ്റുകള്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ ഒന്നുപോലും തണ്ടര്‍ബോള്‍ട്ട് സംഘത്തിന് കൊണ്ടില്ല. പൊലീസ് സേനയുടെ വെടിവെപ്പിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്‌.

അതേസമയം, മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ അവ്യക്തത. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. ബാക്കി രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം തിരിച്ചറിയുന്നതിലാണ് അവ്യക്തത തുടരുന്നത്. മാവോയിസ്റ്റുകള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വളഞ്ഞിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഭരണകക്ഷിയായ സി.പി.ഐയുടെ നേതാവ് പ്രകാശ് ബാബു പറഞ്ഞു.

chandrika: