കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്തതിന് പോലീസ് തടഞ്ഞു നിര്‍ത്തിയത് കാരണം യുവാവിന് പി എസ് സി പരീക്ഷ നഷ്ടമായ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ട കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.
ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പി എസ് സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. സംഭവത്തില്‍ ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയും സല്‍പ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായി സിറ്റി അസി. കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.
2022 ഒക്ടോബര്‍ 25ന് ഫറോക്ക് പുതിയ പാലത്തിന് സമീപമാണ് പരാതിക്ക് ആസ്പദമായ സംഭവം. ഇരുചക്രവാഹനത്തില്‍ ഓവര്‍ടേക്ക് ചെയ്യാനെത്തിയ അരുണ്‍ എന്ന യുവാവിനോട് ഗതാഗത നിയമ ലംഘനത്തിന് സ്‌റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. താന്‍ പരീക്ഷയെഴുതാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും പോലീസ് വിട്ടില്ലെന്ന് യുവാവ് പറഞ്ഞു. എന്നാല്‍, പരീക്ഷാ വിവരം അരുണ്‍ പറഞ്ഞില്ലെന്നാണ് പോലീസുകാരന്റെ വാദം. പരാതിയെ തുടര്‍ന്ന് പോലീസുകാരനായ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ് ചെയ്തു. പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അരുണ്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.