കൊല്ലം: അബിഗേലിനെ തട്ടികൊണ്ടുപോയവരെ ഇനിയുംകണ്ടെത്താനാകാതെ പൊലീസ്. പ്രതികള്‍ സഞ്ചരിച്ച വാഹനവുംകുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതല്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ചന്ദനത്തോപ്പ് കുഴിയം സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിേെന കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളിയില്‍ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകള്‍ക്ക് പുറമേ ക്വട്ടേഷന്‍ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍. കൊല്ലം വെസ്റ്റ്‌സ്‌റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ച് മോഷണക്കേസുകളുണ്ട്.
രാമന്‍കുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസംമാറ്റുകയായിരുന്നു. മോഷണക്കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ ജ്യേഷ്ഠന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ജ്യേഷ്ഠന്റെ പുത്രിയാണ് തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ സ്ത്രീയെന്നും സംശയിക്കുന്നു.