X

സംഘ്പരിവാര്‍ നേതാവ് ചൈത്രയുടെ കാറും സ്വര്‍ണവും പണവും പൊലീസ് പിടിച്ചെടുത്തു

സംഘ്പരിവാര്‍ നേതാവും മാധ്യമപ്രവര്‍ത്തകയുമായ ചൈത്ര കുന്താപുര നിയമസഭ സീറ്റിന് കോഴ വാങ്ങിയതിലൂടെയും മറ്റും അഴിമതിയിലൂടെ നേടിയ സമ്പാദ്യങ്ങള്‍ ഓരോന്നായി പൊലീസ് കണ്ടെത്തുന്നു. കാര്‍, ബാങ്ക് നിക്ഷേപം, വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ എന്നിവ കണ്ടെത്തിയ ക്രൈംബ്രാഞ്ച് , ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. മൊത്തം 3 കോടിയോളം രൂപയുടെ വസ്തുവകകളാണ് കണക്കാക്കുന്നത്.

ചൈത്രയുടെ പേരിലുള്ള കാര്‍ ഭഗല്‍കോട്ട് ജില്ലയിലെ മുഥൂലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചൈത്രയുടെ സുഹൃത്തും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരനുമായ കിരണ്‍ ഉപയോഗിക്കുകയായിരുന്നു കാര്‍. ചൈത്രയുടേയും അറസ്റ്റിലായ ശ്രീകാന്തിന്റേയും പേരില്‍ ഉഡുപ്പി ശ്രീരാമ സൊസൈറ്റിയിലെ ജോയിന്റ് അക്കൗണ്ടില്‍ 1.8 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളത്. ചൈത്രയുടെ ബന്ധു മാനജരായ മറ്റൊരു സൊസൈറ്റിയില്‍ തന്റെ പേരില്‍ 40 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.ചൈത്രയുടെ വീട്ടില്‍ സൂക്ഷിച്ച 65 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൂട്ടുപ്രതി ശ്രീകാന്തിന്റെ വീട്ടില്‍ നിന്ന് 45 ലക്ഷം രൂപ പിടിച്ചെടുത്തു. അതിനിടെ ഒളിവില്‍ കഴിയുന്ന മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമി അരക്കോടി രൂപ ബൈന്തൂരിലെ വ്യവസായിയും വഞ്ചന കേസില്‍ പരാതിക്കാരനുമായ ഗോവിന്ദ ബാബു പൂജാരിക്ക് തിരിച്ചു നല്‍കിയതായി വിവരമുണ്ട്.

ഭൂമി ഇടപാടുകള്‍ക്ക് ചൈത്ര പണം നല്‍കിയതായും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതായും സൂചന ലഭിച്ച െ്രെകംബ്രാഞ്ച് സംഘം ഇതേക്കുറിച്ചും അന്വേഷണം നടത്തുകയാണ്. ചൈത്ര തന്റെ ജ്യേഷ്ഠ സഹോദരിയുടെ വീട് 15 ലക്ഷം രൂപ മുടക്കി നവീകരിച്ചു എന്നതാണ് പൊലീസിന്റെ മറ്റൊരു കണ്ടെത്തല്‍.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ ബാബു പൂജാരിയില്‍നിന്ന് കോടികള്‍ വാങ്ങി വഞ്ചിച്ചു എന്ന കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചൈത്രയെ ഉഡുപ്പി കൃഷ്ണമഠം പരിസരത്തുനിന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ബോധരഹിതയായ ചൈത്ര ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

webdesk13: