വിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ പിന്നാലെ പിസി ജോര്‍ജ് വീട് വിട്ടിരുന്നു.
കഴിഞ്ഞദിവസം ജോര്‍ജിനെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്ക് എത്തിയെങ്കിലും അദ്ദേഹം വീട്ടില്‍ ഇല്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാനെ ചോദ്യം ചെയ്തു വരികയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം വീടുവിട്ടത്. വീടു വിട്ടപ്പോള്‍ തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം കാറില്‍ പുറത്തുപോവുകയും അദ്ദേഹം പോയതായ കാര്‍ തിരിച്ചുവരികയും ചെയ്തു. എന്നാല്‍ ആ കാറില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.
മറ്റൊരു വാഹനത്തില്‍ കയറി പിസി ജോര്‍ജ് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംസ്ഥാനം വിട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.വെണ്ണലയില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ചായിരുന്നു പ്രസംഗം. പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്.