കണ്ണൂര്‍: പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. കണ്ണവത്ത് നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്നും മേഖലയില്‍ സുരക്ഷ ശക്തമാക്കണമെന്നും കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ കൊല്ലപ്പെട്ട കണ്ണവത്തെ സയ്യിദ് സലാഹുദ്ദീന്റെ സഹോദരന്‍ നിസാമുദ്ദീനില്‍ നിന്ന് കേസിലെ പ്രതികളായ അമല്‍രാജ്, റിഷിന്‍, അശ്വിന്‍ എന്നിവര്‍ക്ക് ഭീഷണിയുണ്ടെന്നും അതേസമയം നിസാമുദ്ദീനു നേരെ ആര്‍എസ്എസ് അക്രമത്തിനു സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്രാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് നേരെ അക്രമം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് റൂറല്‍ പൊലീസ് പരിധിക്ക് കീഴിലുള്ള സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.നാല് പേജുള്ള വിശദമായ റിപ്പോര്‍ട്ടാണ് അയച്ചത്.
മേഖലയില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം ചില സംഘടനയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.