X

ഏരൂരില്‍ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവം; സത്യാവസ്ഥ ഇതാണ്

കൊച്ചി: ഏരുരിലെ വീടുകള്‍ ജനാലകളില്‍ വ്യാപകമായി കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. മോഷ്ടാക്കളുടെ സംഘങ്ങള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് സ്റ്റിക്കര്‍ പതിപ്പിച്ചുവെന്നായിരുന്നു ആദ്യം പ്രദേശവാസികള്‍ കരുതിയിരുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

സ്റ്റിക്കര്‍ ഒട്ടിച്ചവര്‍ തന്നെ നേരിട്ടെത്തി പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍ വില്‍ക്കുന്ന സ്ഥാപനമാണ് ഇത്തരമൊരു വേറിട്ട ‘പരസ്യ’രീതി പരീക്ഷിച്ചത്. ആദ്യം സ്റ്റിക്കറുകള്‍ പതിച്ച ശേഷം ഇവിടങ്ങളിലെത്തി വീട്ടുകാരെ ബോധവല്‍ക്കരിച്ച് സിസിടിവി ക്യാമറകളുടെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ഏരൂരില്‍ കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാരെ കെട്ടിയിട്ട് 54 പവന്‍ കവര്‍ന്ന സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലേബര്‍ ജംഗ്ഷന്‍, സുവര്‍ണ നഗര്‍, പിഷാരടി കോവില്‍ റോഡ് എന്നിവിടങ്ങളിലെ വീടുകളുടെ ജനലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടത്.

സ്റ്റിക്കര്‍ സംഭവത്തിനു പിന്നിലും മോഷ്ടാക്കളാകുമെന്നാണ് ആദ്യം കരുതിയത്. ഇക്കാര്യം ചില വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
സത്യാവസ്ഥ പുറത്തുവന്നതോടെ സിസിടിവി സ്ഥാപന ഉടമകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്ത് വിട്ടയച്ചു.

chandrika: