തിരുവനന്തപുരം: സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസ്. സി.പി.എം നല്‍കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഏരിയ സമ്മേളനത്തില്‍ നിന്നും ഏരിയ സെക്രട്ടറിയായിരുന്ന മധു ഇറങ്ങിപ്പോയത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നും മംഗലപുരം ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മംഗലാപുരം പോലീസിലും പരാതി നല്‍കി. ഏരിയയിലെ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച് മൂന്നേകാല്‍ ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇത് കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.