കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ശ്രീരാമസേനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വെടിവെപ്പ് പരിശീലനം നടത്തിയ സംഭവത്തില്‍ മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു. തോഡലബാഗി ഗ്രാമത്തിലെ വയലില്‍ നടന്ന വെടിവെപ്പ് പരിശീലനത്തില്‍ 196 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
തോഡലബാഗി ഗ്രാമത്തിലെ കര്‍ഷകന്റെ ഭൂമിയില്‍ ശ്രീരാമസേന ഡിസംബര്‍ അവസാനത്തില്‍ ഒരാഴ്ച നീണ്ട വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവസാന ദിവസം വെടിവെപ്പില്‍ പരിശീലനം നല്‍കിയതെന്ന് ബംഗളൂരു ആസ്ഥാനമായ ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബാഗല്‍കോട്ട് പൊലീസ് അറിയിച്ചു.
വെടിവെപ്പ് പരിശീലനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അമര്‍നാഥ് റെഡ്ഡി പറഞ്ഞു.
അതേസമയം, റൈഫിള്‍ പരിശീലനം ശ്രീരാമ സേന പരിപാടിയുടെ ഭാഗമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വയലുടമ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ ഡി.ജി.പി അലോക് മോഹന് നിവേദനം നല്‍കിയിരുന്നു.