ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന പരാമര്‍ശം; സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ കേസെടുത്ത് പൊലീസ്‌

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പരാമര്‍ശം നടത്തിയത്.

‘ആദ്യം ബി.ജെ.പിയില്‍ നിന്ന് ശിവസേന പുറത്തുവന്നു. പിന്നെ ശിവസേനയില്‍ നിന്ന് ശിവസേന പുറത്തുവന്നു. എന്‍.സി.പിയില്‍ നിന്ന് എന്‍.സി.പിയും പുറത്തുവന്നു. അവര്‍ ഒരു വോട്ടര്‍ക്ക് ഒമ്പത് വോട്ടിങ് ബട്ടണുകള്‍ നല്‍കി, അതോടെ അവര്‍ ആശയക്കുഴപ്പത്തിലുമായി,’ കുനാല്‍ കമ്ര പറഞ്ഞു.

കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന എം.എല്‍.എ മുര്‍ജി പട്ടേല്‍ പറഞ്ഞു.

മാപ്പ് പറയാത്ത പക്ഷം കമ്രയെ മുംബൈയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും പട്ടേല്‍ ഭീഷണിപ്പെടുത്തി. പൊതുസ്ഥലത്ത് കണ്ടാല്‍ കമ്രയുടെ മുഖത്ത് കറുത്ത ചായം തേക്കുമെന്നും കമ്രക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.

ഇതിനിടെ കുനാല്‍ കമ്ര പരിപാടി നടത്തിയ ഹോട്ടല്‍ ഷിന്‍ഡെ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. മുംബൈയിലെ ഖാറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് ഷിന്‍ഡെ അനുകൂലികള്‍ തകര്‍ത്തത്.

ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലും മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസിലെ വകുപ്പുകളും മഹാരാഷ്ട്ര പൊലീസ് ആക്ടും അനുസരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശിവസേന യുവസേന ജനറല്‍ സെക്രട്ടറി രാഹൂള്‍ കനാല്‍ അടക്കം 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം കുനാല്‍ കമ്രയെ പിന്തുണച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷം രംഗത്തെത്തി. ‘അരക്ഷിതമായ ഒരു ഭീരു മാത്രമേ ഒരാളുടെ പാട്ടിനോട് പ്രതികരിക്കൂ,’ എന്ന് ഉദ്ധവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു. കുനാല്‍ കമ്ര പറഞ്ഞത് 100 ശതമാനം സത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

webdesk13:
whatsapp
line