മതര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രിസ്തു മതത്തിലേയ്ക്ക് പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്നും ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നും പറഞ്ഞാണ് അന്വേഷണം.
ഗുജറാത്തിലെ മകാര്‍പുര പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തിരിക്കുന്നത് ‘ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2003’ പ്രകാരമാണ്.
പൊലീസ് എഫ്.ഐ.ആര്‍ പ്രകാരം, വഡോദരയിലെ ഫൗണ്ടേഷന്റെ ഷെല്‍റ്റര്‍ ഹോം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുണ്ടെന്നാണ്.
മിഷണറീസ് ഓഫ് ചാരിറ്റി ഫൗണ്ടേഷന്‍ ആരോപണങ്ങളെ തള്ളികളഞ്ഞിട്ടുണ്ട്. ഒരു മതപരിവര്‍ത്തന പ്രവര്‍ത്തിയും നടത്തുന്നില്ലെന്നും ഇവിടെ 24 പെണ്‍കുട്ടികളാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.
ഞങ്ങളുടെ രീതികള്‍ ഞങ്ങളുടെ കൂടെ ജീവിക്കുമ്പോള്‍ അവര്‍ കണ്ട് പിന്തുടരുന്നതാണെന്നും ആരേയും പരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും അവര്‍ ഓര്‍മപ്പെടുത്തി. ഒരു പെണ്‍കുട്ടിയേയും ക്രിസ്തീയ വിശ്വാസികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സംഭവത്തില്‍ വിശദീകരണം നല്‍കി. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍മാന്റെയും വഡോദര ജില്ലാ സോഷ്യല്‍ ഡിഫന്‍സ് ഓഫീസര്‍ മായങ്ക് ത്രിവേദിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.