തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ സംഗമിച്ചത്. ഇത് ചിത്ര സഹിതം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം വരുന്ന പോലീസുകാര്‍ സംഗമിച്ചത്.
കാവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ പോലും ഇതുവരെ തുറക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി. മരണാനന്തര ചടങ്ങുകള്‍ക്കും, കല്ല്യാണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി തുറക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലും പോലീസ് നിയമ നടപടി സ്വീകരിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം നിലമ്പൂരിലെ മൂത്തേടത്ത് മകന്റെ വീട്ടിലേക്ക് നടന്നു പോവുന്ന 85 വയസ്സ് പിന്നിട്ട വൃദ്ധയായ ഉമ്മയെ റോഡില്‍ തടഞ്ഞു നിര്‍ത്തി പിഴ ചുമത്തുകയും, ഇവരുടെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് ഉദ്യോഗസ്ഥര്‍ അവഹേളിക്കുകയും ചെയ്ത സംഭവം നാട്ടില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ സമൂഹത്തിന് മാതൃകയാവേണ്ട പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന വീഴ്ചക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്നുമാണ് നജീബ് കാന്തപുരം കത്തില്‍ പറയുന്നത്.