ഫസല്‍ വധക്കേസ്: അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു; നിര്‍ണായക വെളിപ്പെടുത്തല്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസ് സി.പി.എം പ്രവര്‍ത്തകരിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടുവെന്ന് മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

അന്വേഷണം ഏറ്റെടുത്തതിന്റെ പത്താംദിവസം രാവിലെ ആഭ്യന്തരമന്ത്രി ആയിരുന്ന
കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ആവശ്യപ്പെട്ടുവെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ഇതിന് ശേഷമാണ് അന്വേഷണത്തില്‍ നിന്ന് പൊലീസിനെ മാറ്റി ക്രൈംബ്രാഞ്ചിന് നല്‍കിയത്.

അന്വേഷണത്തിന്റെ പേരില്‍ പൊലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. ഒന്നര വര്‍ഷത്തോളം പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ കള്ള കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ഫസലിനെ കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിലെ മേല്‍നോട്ട ചുമതലയുള്ള ആളായിരുന്നു കെ.രാധാകൃഷ്ണന്‍. തനിക്ക് ഐ.പി.എസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനവും ശമ്പളവുമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി കണ്ണൂരില്‍ നേരിട്ടെത്തി തന്നോട് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ നിര്‍ണായക വിവരം നല്‍കിയ അഡ്വ.വത്സരാജ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

2006 ഒക്ടോബര്‍ 22ന് തലശ്ശേരി ജെ.ടി റോഡിലാണ് ഫസല്‍ കൊല്ലപ്പെട്ടത്. ഫസലിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സി.ബി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

chandrika:
whatsapp
line