X
    Categories: keralaNews

പൊലീസ് ശരിയല്ല: സില്‍വര്‍ലൈന്‍ വിഷയത്തില്‍ പൊലീസിന് രൂക്ഷവിമര്‍ശനവുമായി സി.പി.ഐ പാര്‍ട്ടിനേതൃയോഗം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ പൊലീസിന്റെ നടപടി ശരിയായില്ലെന്ന് സി.പി.ഐ. കഴക്കൂട്ടത്ത് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദേ്യാഗസ്ഥന്‍ പ്രതിഷേധക്കാരെ ചവിട്ടിയത് ശരിയായില്ല. പൊലീസിന്റെ ഇത്തരത്തിലുളള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേരാണ് ഉണ്ടാക്കുന്നതെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തിന് വികസന പദ്ധതികള്‍ വേണം. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം സില്‍വര്‍ ലൈന്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍. ഈ രീതിയിലാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നത്’എന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീര്‍ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ വിവാദമായിരുന്നു. പ്രതിഷേധം ഉണ്ടായിട്ടും ഷബീറിനെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നിലപാട് വിവാദമായിരുന്നു.ഇതേതുടര്‍ന്ന്് രംഗം തണുപ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഇയാളെ തലസ്ഥാനത്ത് പൊലീസ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ഇപ്പോഴും അവ്യക്തത ഉണ്ടെന്ന് സി.പി.ഐയിലെ ഒരുവിഭാഗത്തിന് വിലയിരുത്തലുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോരുത്തരില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ശേഷം ജനങ്ങളുടെ കൈവശം ബാക്കിയുള്ള ഭൂമി എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന കാര്യത്തിലാണ് അവ്യക്തത. ഇത് കൈവശം വയ്ക്കുമോ അതോ സര്‍ക്കാരിന് വിട്ടുനല്‍കുമോ എന്ന ചോദ്യവുമുയരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് പുറത്തുള്ള 10 മീറ്റര്‍ ബഫര്‍ സോണാണ്. ആരുടെ കൈവശമാണോ ഈ ഭൂമി അവര്‍ക്കു തന്നെയാണ് ബഫര്‍ സോണിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം. എന്നാല്‍ ഇതില്‍ 5 മീറ്റര്‍ സ്ഥലത്തുമാത്രമാണ് ഉടമയ്ക്ക് എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്താനാവുക. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ തന്നെ വിശദീകരണം നല്‍കണമെന്ന നിലപാടിലാണ് ഒരു വിഭാഗം സി.പി.ഐ നേതാക്കള്‍.

Chandrika Web: