രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും തങ്ങള്‍ ചോദിച്ചു. എന്നാല്‍ രാത്രിയാണ് വരിക എന്നായിരുന്നു മറുപടി – അദ്ദേഹം വ്യക്തമാക്കി.
വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമാണ് തന്റെ വീട്ടിലേക്കുള്ള ദൂരമെന്നും എന്നാല്‍ ഇവര്‍ വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.
വീട്ടില്‍ അര്‍ധരാത്രി പോലീസ് എത്തുമെന്ന് അറിയിച്ചതായി ഭാര്യ റൈഹാനയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്നലെ അര്‍ദ്ധരാത്രി എത്തുമെന്നാണ് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. എന്തിനാണ് പരിശോധന എന്നതില്‍ വ്യക്തമായ ഉത്തരം വീട്ടുകാര്‍ക്ക് നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് രണ്ടു പൊലീസുകാര്‍ എത്തിയാണ് 12 മണിക്ക് ശേഷം പരിശോധന ഉണ്ടാകുമെന്ന് അറിയിച്ചത്. കാപ്പന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ചോദിക്കുന്നതെന്നും അറിയിച്ചതായി റൈഹാന പറയുന്നു. സിദ്ധിഖ് കാപ്പന് സുപ്രീംകോടതിയും ലഖ്‌നൗ കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചതാണ്.