കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയില്‍ പോലീസ് ചവിട്ടിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.മാര്‍ക്കറ്റില്‍ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് അതിക്രമം നടന്നത്. ഹൃദ്രോഗി കൂടിയായ തെരുവ് വ്യാപാരി വില്‍ക്കാന്‍ വച്ചിരുന്ന പഴവര്‍ഗ്ഗങ്ങളാണ് പൊലീസുകാരന്‍ ചവിട്ടി തെറിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
വെയിലത്തും മഴയത്തും തെരുവില്‍ മല്ലിടുന്ന തെരുവ് കച്ചവടക്കാരോട് കോവിഡിന്റെ മറവില്‍ പൊലീസ് നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി ആവശ്യപ്പെട്ടു.
‘ഹൃദ്രോഗിയായ കച്ചവടക്കാരന്റെ വില്‍പ്പന വസ്തുക്കളെല്ലാം നീതിയും നിയമവും പരിപാലിക്കേണ്ടവര്‍ തന്നെ നശിപ്പിക്കുന്ന കാഴ്ച മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക്ഡൗണ്‍ മൂലം ദീര്‍ഘകാലം വീട്ടിലിരിക്കേണ്ട കച്ചവടക്കാരന്‍ ഗതിമുട്ടിയപ്പോഴാണ് കടം വാങ്ങിയ പഴങ്ങളുമായി കച്ചവടത്തിന് തെരുവിലെത്തിയത്. പൊലീസ് പുറംകാല് കൊണ്ട് ചവിട്ടി തെറിപ്പിച്ചത് കേവലം ഫലവര്‍ഗ്ഗങ്ങള്‍ മാത്രമല്ല, കയ്യില്‍ ചെറിയ പൊതിയുമായി വീട്ടിലേക്ക് മടങ്ങി വരുന്ന പിതാവിനെ കാത്ത് കഴിയുന്ന മക്കളുടെയും കുടുംബത്തിന്റെ ജീവിതം തന്നെയാണന്ന് അധികാരികള്‍ മനസ്സിലാക്കണം,’ വഴിയോര കച്ചവട ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി സുബൈര്‍ ഇരിട്ടി, ജില്ലാ പ്രസിഡണ്ട് എന്‍. എം. ശഫീഖ് എന്നിവര്‍ വ്യക്തമാക്കി.
കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികള്‍ എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിയോര കച്ചവട ക്ഷേമ സമിതി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.