വനിതാ നിര്‍മാതാവ് നല്കിയ ലൈംഗികാതിക്രമ കേസില്‍ പ്രൊഡ്യൂസെഴ്സ് അസോസിയേഷന് ഓഫീസില്‍ പോലീസ് പരിശോധന നടത്തി. പരാതിയില്‍ പ്രതി പട്ടികയിലുള്ളവരുടെ മൊഴി മുമ്പ് രേഖപ്പെടുത്തിയിരുന്നു.
രണ്ടാഴ്ച മുമ്പാണ് വനിതാ നിര്‍മാതാവ് എസ്ഐടിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ പ്രൊഡ്യൂസെഴ്സ് അസോസിയേഷന് ഓഫീസില്‍ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതി പട്ടികയിലുള്ള നിര്‍മാതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിര്‍മാതാക്കള്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.