X
    Categories: CultureMoreViews

അവാര്‍ഡ് നിരസിച്ച് പൊലീസ് ഐ.ജി; കാരണം വ്യത്യസ്തം

ബെംഗളൂരു: അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി ഓടുന്ന പ്രാഞ്ചിയേട്ടന്‍മാരുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പലരും പല കാരണങ്ങള്‍ കൊണ്ടും അവാര്‍ഡ് നിരസിക്കാറുമുണ്ട്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒരു കാരണം കൊണ്ട് അവാര്‍ഡ് നിരസിക്കുകയാണ് ബെംഗളൂരു ഐ.ജി ഡി. രൂപ. അവാര്‍ഡ് തുക കൂടുതലാണ് എന്നതാണ് അവാര്‍ഡ് നിരസിക്കാന്‍ കാരണം.

ബി.ജെ.പിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ നമ്മ ബെംഗളൂരു ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡാണ് രൂപ നിരസിച്ചത്. രണ്ട് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഏഴ് പേരില്‍ നിന്നാണ് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഓഫ് ദ ഇയര്‍ ആയി രൂപയെ തെരഞ്ഞെടുത്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന നിലപാടാണ് ഈ തീരുമാനമെടുക്കാന്‍ കാരണമെന്ന് രൂപ പറഞ്ഞു. എല്ലാവിധ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും അകന്ന് നിന്ന് ജനസേവനം നടത്തേണ്ടവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. രാഷ്ട്രീയ താല്‍പര്യങ്ങളുള്ള സംഘടനകളോടും ഈ നിലപാട് സ്വീകരിക്കാന്‍ അവര്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ പൊതുജനങ്ങളുടെ മുന്നില്‍ അവര്‍ സുതാര്യരാവുകയുള്ളൂ. അവാര്‍ഡ് നിരസിച്ചുകൊണ്ട് നമ്മ ബെംഗളൂരു ഫൗണ്ടേഷന് അയച്ച കത്തില്‍ രൂപ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: