തിരുവനന്തപുരംന്മ കെപിസിസിയുടെ നേതൃത്വത്തിലുള്ള ഡിജിപി ഓഫിസ് മാര്‍ച്ചിനെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പൊലീസിന്റെ നടപടിയെന്ന് സുധാകരന്‍ ആരോപിച്ചു.
പൊലീസിന്റെ അകത്തുതന്നെ ഗുണ്ടകളെ ഇതിനായി തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇവരെ പൊലീസുകാര്‍, ക്രിമിനല്‍ പൊലീസുകാര്‍, ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ എന്നിങ്ങനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നാണു വിവരമെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.
കെപിസിസിയുടെ ഡിജിപി ഓഫിസിലേക്കുള്ള മാര്‍ച്ച് തുടക്കത്തില്‍ തന്നെ സംഘര്‍ഷഭരിതമായതോടെ പ്രതിഷേധം കടുപ്പിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. ഉച്ചയ്ക്കുശേഷം സംസ്ഥാന വ്യാപകമായി മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.