X

‘പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ എവിടെയും ഹര്‍ത്താല്‍ നടത്താം’ ഹര്‍ത്താലിനു ശേഷവും ആര്‍.എസ്.എസുകാര്‍ കലാപത്തിന് ആഹ്വാനം ചെയ്തു; ശബ്ദസന്ദേശം കണ്ടെടുത്തു

കോഴിക്കോട്: കഠ്‌വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വാട്‌സ്ആപ്പ് അഡ്മിന്മാര്‍ കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഇവരുടെ ശബ്ദസന്ദേശം പൊലീസ് കണ്ടെടുത്തു.

പൊലീസിനേക്കാള്‍ അംഗബലമുണ്ടെങ്കില്‍ എവിടെയും ഹര്‍ത്താല്‍ നടത്താമെന്നും ഇവര്‍ പറയുന്നു. ഇന്നലെ അറസ്റ്റിലായ അഞ്ചുപേരില്‍ ആര്‍എസ്എസ് നേതാവ് കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജുവാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.

അമര്‍നാഥ് ബൈജുവിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകരായ നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്, നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍, നെല്ലിവിള കുന്നുവിള വീട്ടില്‍ അഖില്‍, തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എം.ജെ സിറില്‍ എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു മേഖലകളായി തിരിച്ചാല്‍ സമരം സുഗമമാക്കാമെന്ന സന്ദേശമാണ് ഗ്രൂപ്പിലുള്ളത്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനമെന്ന് മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
അമര്‍നാഥിന്റെ ആശയം മറ്റുള്ള അഡ്മിന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. സുധീഷും അഖിലും അയല്‍ക്കാരാണ്. മറ്റുള്ളവര്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല.

പ്ലസ്ടു തോറ്റ ഇവര്‍ സേ പരീക്ഷക്കുള്ള കേന്ദ്രത്തിലെ കൂട്ടുകാരുടെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. അഖിലും സുധീഷും ഒഴിച്ചുള്ളവര്‍ പരസ്പരം നേരിട്ട് കാണുന്നത് അറസ്റ്റിലായി മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്.

കഠ്‌വ സംഭവത്തിനെതിരെ പൊരുതണമെന്ന ആഹ്വാനമായി അഞ്ചുപേരും ചേര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. സമാന ചിന്താഗതിക്കാര്‍ക്ക് ഗ്രൂപ്പില്‍ ചേരാമെന്ന് പറഞ്ഞ് ലിങ്ക് ഫേസ്ബുക്കില്‍ ഇട്ടു. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ പേരിലായിരുന്നു ഗ്രൂപ്പുകള്‍.

ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ ജില്ലാതലത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശിച്ചു. ഈ ഗ്രൂപ്പുകളിലൂടെയാണ് ഹര്‍ത്താല്‍ ആഹ്വാനത്തിന് അഡ്മിന്‍മാര്‍ നിര്‍ദേശം നല്‍കിയത്. ഹര്‍ത്താലിന് 48 മണിക്കൂര്‍ മുമ്പ് മാത്രമായിരുന്നു ഇതെല്ലാം ചെയ്തത്.

സ്വന്തം പ്രൊഫൈലുകള്‍ ഉപയോഗിച്ചു വാട്‌സ്ആപ്പ് ഗ്രൂപ്പ് നടത്തിയതോടെയാണ് സംഘം പൊലീസിന്റെ വലയിലായത്. അഡ്മിന്‍മാരെ പൊലീസ് തെരയുന്നത് മനസ്സിലാക്കിയ അഞ്ചുപേരും അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായും വിവരമുണ്ട്.

ജില്ലാ ഗ്രൂപ്പുകളില്‍പ്പെട്ടവരാകട്ടെ പലരും അറസ്റ്റ് ഭയന്ന് അഡ്മിന്‍ സ്ഥാനം ഒഴിഞ്ഞു. ചിലര്‍ ഗ്രൂപ്പുകള്‍ വിട്ടു. അറസ്റ്റിലായ അഞ്ചു പേര്‍ക്കെതിരെയും പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കലാപമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള കൂട്ടല്‍, ഗതാഗത തടസ്സം, കുട്ടികളുടെ നേരെയുള്ള അതിക്രമം തടയല്‍ നിയമം ലംഘിക്കല്‍ (കഠ്‌വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന്) തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

chandrika: