പുതിയ മോട്ടോര്‍ വാഹന നിയമം വന്നതിന് പിന്നാലെ കേസുകളും പിഴകളും വാര്‍ത്തകളില്‍ സജീവമാണ്. കൗതുക വാര്‍ത്തകളാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നത്്. ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത.
ഡെറാഡൂണിലെ സഹാസ്പൂരിലാണ് സംഭവം. ചാര്‍ബ ഗ്രാമത്തിലെ കാളവണ്ടി ഉടമയായ റിയാസ് ഹസനാണ് 1000 രൂപ ഫൈന്‍ ലഭിച്ചത്. തന്റെ കൃഷിസ്ഥലത്തിനടുത്തായി കാളവണ്ടി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇദ്ദേഹം. രാത്രി പോലീസ് സംഘം പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നതിനിടെ ഈ വണ്ടി കണ്ടു. തുടര്‍ന്ന് നാട്ടുകാരോട് അന്വേഷിച്ചപ്പോള്‍ റിയാസിന്റെ കാളവണ്ടിയാണെന്ന് കണ്ടെത്തുകയും വണ്ടി പോലീസ് റിയാസിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപയുടെ ചലാന്‍ ഉടമക്ക് കൈമാറി.
എന്നാല്‍ ഇത് ഉടമ ചോദ്യം ചെയ്തു. കാളവണ്ടികള്‍ എംവി ആക്ടില്‍ ഉള്‍പെടില്ലെന്നിരിക്കെ എംവി ആക്ട് അനുസരിച്ച് പിഴ ഈടാക്കിയത് എന്തിനാണെന്നും റിയാസ് ചോദിച്ചു. ഇതോടെ തെറ്റ് മനസ്സിലാക്കിയ പൊലീസ് ചലാന്‍ റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഉത്തര്‍ പ്രദേശില്‍ പിഴ ഈടാക്കിയതും ചര്‍ച്ചയായിരുന്നു.