X
    Categories: CultureMoreViews

അര്‍ണാബ് ഗോസ്വാമി ‘ഭീകരന്മാരാ’ക്കിയ മുസ്‌ലിം യുവാക്കള്‍ക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു

ഹൈദരാബാദ്: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ഐ.എസ് ഭീകരരെന്ന് മുദ്ര കുത്തിയ മൂന്ന് മുസ്‌ലിം യുവാക്കള്‍ക്കെതിരായ കേസ് ഹൈദരാബാദ് പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ ഐ.എസിനു വേണ്ടി സംസാരിക്കുന്നു എന്ന പേരില്‍ റിപ്പബ്ലിക് ടി.വി പുറത്തുവിട്ട വീഡിയോയുടെ എഡിറ്റ് ചെയ്യാത്ത പതിപ്പ് നല്‍കാന്‍ റിപ്പബ്ലിക് ടി.വി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.

അബ്ദുല്ല ബാസിത്, സല്‍മാന്‍ മുഹിയുദ്ദീന്‍, അബ്ദുല്‍ ഹനാന്‍ ഖുറേഷി എന്നിവരെയാണ് ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന ഭീകരവാദികളെന്ന പേരില്‍ റിപ്പബ്ലിക് ടി.വി പരിചയപ്പെടുത്തിയത്. ഇവരുടേതെന്ന പേരില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍, സിറിയയിലേക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നു കൊണ്ടുതന്നെ ഐ.എസിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബാസിത് പറയുന്നുണ്ട്. സ്റ്റിങ് ഓപറേഷന്‍ വാര്‍ത്ത പ്രക്ഷേപണം ചെയ്തതിനു പിന്നാലെ മൂന്നു പേര്‍ക്കെതിരെയും പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.

എന്നാല്‍, കേസില്‍ റിപ്പബ്ലിക് ടി.വിയുടെ വിഷ്വലുകള്‍ മാത്രമേ തെളിവായി ഉള്ളൂ എന്നും ഇതിന്റെ എഡിറ്റ് ചെയ്യാത്ത ഭാഗം ലഭിക്കുന്തിനായി ചാനലിനെ സമീപിച്ചെങ്കിലും നിരാശരാവുകയാണുണ്ടായതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് അവിനാഷ് മൊഹന്തി പറഞ്ഞു. സ്റ്റിങ്ങിന്റെ ഒറിജിനല്‍ ടേപ്പുകള്‍ നല്‍കാന്‍ ചാനല്‍ തയ്യാറായില്ലെന്നു മാത്രമല്ല, പൊലീസുമായി സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍മാരെ അനുവദിക്കുകയും ചെയ്തില്ല.

‘സംഭാഷണത്തിന്റെ സാഹചര്യം മനസ്സിലാക്കുന്നതിനായി എഡിറ്റ് ചെയ്യാത്ത ടേപ്പ് നല്‍കാന്‍ ഞങ്ങള്‍ ചാനലിനോട് അഭ്യര്‍ത്ഥിച്ചു. ആവശ്യമായ സമയം നല്‍കിയിട്ടും നല്‍കാന്‍ അവര്‍ തയ്യാറായില്ല. അതിനാല്‍ ഞങ്ങള്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു’ – മൊഹന്തി പറഞ്ഞു.

അതേസമയം, പൊലീസിന് ടേപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ചാനലിന്റെ അവകാശവാദം. എന്നാല്‍, ചാനല്‍ നല്‍കിയ ടേപ്പുകളെല്ലാം എഡിറ്റ് ചെയ്തവയാണെന്നാണ് പൊലീസ് പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: