X

പൊലീസിന്റെ ഇരട്ടത്താപ്പ്; വ്യാജ ഫോണ്‍കോള്‍ പരാതിയില്‍ അന്വേഷണം ഇഴയുന്നു

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരിലുള്ള അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെട്ട കേസില്‍ തിരഞ്ഞെടുപ്പ് ദിവസം വരെ ‘അറസ്റ്റ് നാടകം’ നടത്തിയ പൊലീസിന്, സിപിഎം പ്രതിക്കൂട്ടിലായ വ്യാജ ട്രൂകോളര്‍ ഐഡി കേസില്‍ മൗനം.

പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും പ്രതി ചേര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ ട്രൂകോളര്‍ ഐഡിയുണ്ടാക്കി എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് വ്യാപകമായി കോളുകള്‍ ലഭിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആംആദ്മി നേതൃത്വം പാലാരിവട്ടം പൊലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. എന്നാല്‍ ഇതുവരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. കേസിന്റെ പുരോഗതിയെ കുറിച്ച് ചോദിക്കുമ്പോള്‍ അന്വേഷണം നടക്കുകയാണെന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് പൊലീസിന്. സൈബര്‍ വിങിനും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് ആം ആദ്മി നേതാക്കള്‍ പറയുന്നു.

വ്യാജ ഫോണ്‍കോളുകള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പ്രീറെക്കോര്‍ഡഡ് ഫോണ്‍ കോളുകളാണ് വ്യാപകമായി വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. 71271 91540 എന്ന നമ്പറിലൂടെ ട്രൂ കോളര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രീറെക്കോര്‍ഡഡ് ഫോണ്‍ വിളികള്‍ നടത്തിയത്. 1800ലധികം പേര്‍ ഈ നമ്പര്‍ സ്പാം ആയി ട്രൂ കോളറില്‍ അടയാളപ്പെടുത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ആം ആദ്മിയും ട്വന്റി20യുടെയും നേതൃത്വത്തിലുള്ള സഖ്യം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എം.സ്വരാജ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ സഖ്യത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന രീതിയില്‍ പ്രസ്താവനകളും നടത്തി. പോളിങ് ദിവസത്തിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തിയത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

അതേസമയം, ജോ ജോസഫിന്റെ പേരില്‍ പ്രചരിപ്പിപ്പിക്കപ്പെട്ടെന്ന് പറയുന്ന അശ്ലീല വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസവും അതിന് മുമ്പും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പ്രതികള്‍ യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്തത് വഴി എല്‍ഡിഎഫിന് വോട്ട് അനുകൂലമാക്കാനുള്ള നാടകങ്ങളായിരുന്നു പൊലീസിന്റേതെന്നും വിമര്‍ശനമുയരുന്നുണ്ട്. ഈ വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. അനാവശ്യ വിവാദമുണ്ടാക്കി നേട്ടം കൊയ്യാമെന്ന് കരുതിയ സിപിഎം കനത്ത തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ കേസ് അന്വേഷണവും നിലച്ച മട്ടായി. കേസില്‍ തിരഞ്ഞെടുപ്പ് ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രതി മുസ്‌ലിംലീഗ് അനുഭാവിയാണെന്ന തരത്തില്‍ പൊലീസ് അടക്കം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യം തെളിയിക്കാന്‍ പാര്‍ട്ടിക്കോ പൊലീസിനോ കഴിഞ്ഞിട്ടില്ല. വ്യാജ വീഡീയോ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നതിനൊപ്പം വ്യാജ ട്രൂ കോളര്‍ ഉണ്ടാക്കിയവരെയും വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Chandrika Web: