പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന മുറിയിലെത്തി പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. യൂണിഫോം ധരിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരും മറ്റ് രണ്ട് പേരുമാണ് പരിശോധനയ്ക്കെത്തിയതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. അടിവസ്ത്രങ്ങളുള്‍പ്പെടെ പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കിയതെന്നും ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് കയറിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ച് നടത്തിയതാണെന്ന് സംശയമുണ്ടെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
വളരെ മോശം പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഉറങ്ങി കിടന്നപ്പോള്‍ മുറിക്ക് പുറത്ത് ബഹളം കേട്ടുവെന്നും വാതില്‍ തുറന്നപ്പോള്‍ പൊലീസായിരുന്നെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
എന്നാല്‍ പരിശോധന കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതി തരാന്‍ പറഞ്ഞെന്നും വലിയ ഗൂഢാലോചനയാണ് നടന്നതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.