X
    Categories: CultureViews

മേവാനിയും ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന യോഗം പൊലീസ് തടഞ്ഞു; മുംബൈയില്‍ സംഘര്‍ഷം

മുംബൈ: ദളിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനി എം.എല്‍.എയും ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന യോഗം മുംബൈ പൊലീസ് ഇടപെട്ട് തടഞ്ഞു. വൈല്‍ പാര്‍ലെയിലെ ഭായ്ദാസ് ഹാളില്‍ യോഗം സംഘടിപ്പിച്ച സംഘാടകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മേഖലയില്‍ 144 വകുപ്പു പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. നേതാക്കളെ തടഞ്ഞുവെച്ച ജുഹു പൊലീസ് സ്റ്റേഷനു മുന്നില്‍ ദളിത് വിഭാഗക്കാരും പ്രക്ഷോഭകരും പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്കുമെതിരെ പൊലീസ് ഏകപക്ഷീയമായി നീങ്ങുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

നഗരത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ പൂനെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീമ കൊറേഗാവില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, പൊലീസ് പക്ഷപാതിത്വം കാണിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദളിത് സംഘടനയായ ഛത്ര ഭാരതി പ്രവര്‍ത്തകര്‍ ഭായ്ദാസ് ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് അനുമതി നല്‍കിയില്ലെങ്കിലും യോഗവുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഛത്ര ഭാരതി പ്രസിഡണ്ട് ദത്ത ധാഗെയെയും മറ്റ് അംഗങ്ങളെയും പൊലീസ് പിടികൂടി. ഛത്ര ഭാരതി മുംബൈ യൂണിറ്റ് പ്രസിഡണ്ട് സച്ചിന്‍ ഭന്‍സോഡെയും പൊലീസ് കസ്റ്റഡിയിലാണ്.

ബുധനാഴ്ച മുംബൈയില്‍ ദളിത് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭത്തില്‍ നഗരം ഏറെക്കുറെ സ്തംഭിച്ചിരുന്നു. എന്നാല്‍, പ്രക്ഷോഭവുമായി ഭായ്ദാസ് ഹാളിലെ യോഗത്തിന് ബന്ധമൊന്നുമില്ലെന്നും മേവാനി, ഉമര്‍ ഖാലിദ് എന്നിവരുമായി സദസ്യര്‍ക്ക് സംവദിക്കാനുള്ള അവസരമൊരുക്കുക മാത്രമാണ് ചെയ്തതെന്നും സച്ചിന്‍ ഭന്‍സോഡെ പറഞ്ഞു.

ഉയര്‍ന്ന ജാതിക്കാരായ പേഷവകള്‍ക്കെതിരെ ദളിത് സൈന്യം വിജയിച്ച ഭീമ-കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികം ജനുവരി ഒന്നിന് ദളിത് വിഭാഗക്കാര്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് നിലവിലെ പ്രശ്‌നങ്ങളുടെ തുടക്കം. സവര്‍ണ വിഭാഗക്കാരും ആര്‍.എസ്.എസ്സും ഇതിനെതിരെ രംഗത്തു വന്നിരുന്നു. ബ്രാഹ്മണ്യത്തിനെതിരെ ദളിതുകളുടെ വിജയമായാണ് ഭീമ കൊറേഗാവ് ഓര്‍മിക്കപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: