X

റോഡ്‌ഷോ: ഗുജറാത്തില്‍ രാഹുലിനും മോദിക്കും അനുമതിയില്ല

അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്‌ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്‌നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ് റോഡ് ഷോ നടത്താനിരുന്നത്.

മോദിയുടേയും രാഹുലിന്റേയും റോഡ്‌ഷോ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുകൂടിയാണ് തീരുമാനിച്ചിരുന്നത്. ഏകദേശം ഒരേ സമയത്തായിരുന്നു റോഡ്‌ഷോ തീരുമാനിച്ചിരുന്നത്. ഇത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസിന്റെ കണ്ടെത്തലാണ് അനുമതി നിഷേധിക്കാന്‍ കാരണമായത്.ധര്‍ണിധര്‍ ദേരാസറില്‍ നിന്ന് തുടങ്ങുന്ന മോദിയുടെ റോഡ്‌ഷോ സബര്‍മതി നദീതീരത്തും ജമാല്‍പൂരില്‍ നിന്ന് തുടങ്ങുന്ന രാഹുലിന്റെ ഷോ നഗരത്തിന് പുറത്തുള്ള മെംകോയിലേക്കുമാണ് സമാപിക്കേണ്ടിയിരുന്നത്. ഇരുനേതാക്കളുടേയും സുരക്ഷയും മറ്റു കാര്യങ്ങളും നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടാണ് റോഡ് ഷോ നടത്തുന്നതിനുള്ള അനുമതി നിഷേധിക്കാന്‍ കാരണമായത്. അതേസമയം, ഹാര്‍ദ്ദിക് പട്ടേലിന്റെ റാലിക്ക് ഗുജറാത്ത് പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അഹമ്മദാബാദ് നഗരം മുഴുവനായാണ് പട്ടേലിന്റെ റാലി.

രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഒന്‍പതിനായിരുന്നു. രണ്ടാംഘട്ടം 14ന് നടക്കും. ഡിസംബര്‍ 18ന് ഫലം പുറത്തുവരും.

chandrika: