X

ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന പ്രചാരണം വ്യാജം; പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്.

ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ‘ആസിഫ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സത്യത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. പെണ്‍കുട്ടി പീഡനത്തിനിരയായതിന് വ്യക്തമായ തെളിവുണ്ട്. ഇത് സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ലഭ്യമാണ്.

പെണ്‍കുട്ടിക്ക് കന്യാചര്‍മം ഇല്ലെന്നാണ് വിദഗ്ധരായ മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ട്. ക്രൂര ബലാത്സംഗത്തിനിരയാക്കിയതിനു ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ദാരുണമായി കൊന്നത്’, അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ അനുബന്ധ കുറ്റപത്രം തയാറാക്കി വരികയാണെന്ന് ജമ്മുവിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനുവരി പത്തിനാണ് കുതിരകളുമായി കാട്ടില്‍ പോയ ആസിഫയെ കാണാതായത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം കെട്ടടങ്ങുംമുമ്പേയാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്നത്.

chandrika: