തിരുവനന്തപുരം: ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കടുത്തപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരുമെന്നും ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും സതീശന്‍ പറഞ്ഞു.എല്ലാക്കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചുമാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുദ്രാവാക്യംവിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു.
എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.