മുംബൈ: ഇസ്‌ലാമിക മതപ്രഭാഷകന്‍ ഡോ.സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ (ഐആര്‍എഫ്) കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖാമൂലം ആരും പരാതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രസ്റ്റിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ധാക്കയിലുണ്ടായ സ്‌ഫോടനം നായികിന്റെ പ്രസംഗത്തിന്റെ സ്വാധീനത്തിലാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അന്വേഷണ ഘട്ടത്തില്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് 60 കോടി രൂപയുടെ നിക്ഷേപം നടന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ട്രസ്റ്റ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം ട്രസ്റ്റിന് നോട്ടീസയച്ചിരുന്നു.