X

നിപ്പ വൈറസ് മലേഷ്യയില്‍ നിന്ന് സാബിത്തിന് പകര്‍ന്നതെന്ന വ്യാജ വാര്‍ത്ത: ജന്മഭൂമിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്‍ന്നത് മലേഷ്യയില്‍ നിന്നാണെന്ന വ്യാജ വാര്‍ത്ത നല്‍കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം വാര്‍ത്ത തയ്യാറാക്കിയ ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ടര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ പ്രതികളാക്കിയാണ് പെരുവണ്ണാമൂഴി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നിപ്പ വൈറസ് ബാധയുടെ തുടക്കം മലേഷ്യയില്‍ നിന്നാണെന്നും കേരളത്തിലെത്തിച്ചത് വൈറസ് ബാധയേറ്റ് മരിച്ച ചങ്ങരോത്തെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ മൂസയുടെ മകന്‍ സാബിത്താണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ മേയ് 25നായിരുന്നു ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതാണെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ച് കെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.’ എന്നാണ് ആധികാരിക സ്രോതസുകളെ ഒന്നും ഉദ്ധരിക്കാതെ ജന്മഭൂമി എഴുതിയത്. സാബിത്ത് മലേഷ്യയില്‍ നിന്നും നാട്ടിലെത്തിയതെന്ന് രോഗലക്ഷണങ്ങളോടെയാണെന്ന് നാട്ടുകാര്‍ പറഞ്ഞതായും ജന്മഭൂമി എഴുതി. വാര്‍ത്ത പിന്നീട് നവമാധ്യമങ്ങളായ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിച്ചു. തൊട്ടടുത്ത ദിവസമായ മെയ് 26ലും ജന്മഭൂമി സാബിത്തിനെ വെറുതെ വിട്ടില്ല, ചുവന്ന നിറത്തില്‍ ‘ശ്രദ്ധ സാബിത്തില്‍’ എന്നായിരുന്നു ജന്മഭൂമിയുടെ പ്രധാന തലക്കെട്ട്.


ദുബായിലായിരുന്ന സാബിത്ത് അള്‍സറിനെ തുടര്‍ന്നാണ് ആറ് മാസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയത്. എഞ്ചിനിയറായ സഹോദരന്‍ സ്വാലിഹും വിസ കാലാവധി കഴിഞ്ഞതോടെ സാബിത്തിനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. സാബിത്ത് മലേഷ്യയിലേക്ക് പോയില്ലെന്ന് തെളിയിക്കുന്ന യാത്രാ രേഖകളും പുറത്ത് വിട്ടിരുന്നു.

2017 ല്‍ യു.എ.ഇയില്‍ പോയതായി മാത്രമാണ് സാബിത്തിന്റെ പാസ്പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരിയില്‍ യു.എ.ഇയില്‍ പോയ സാബിത്ത് മൂന്ന് മാസം മാത്രമാണ് അവിടെ നിന്നത്. മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് വരെ സാബിത്ത് നാട്ടില്‍ ജോലിക്ക് പോയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

chandrika: