X

പുരുഷന്മാരുമായി സൗഹൃദം നടിച്ച് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പൊലീസ് പിടിയില്‍

തിരുവനന്തപുരം: പുരുഷന്മാരുമായി സൗഹൃദം നടിച്ച് വീട്ടില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന സ്ത്രീ പൊലീസ് പിടിയില്‍. പാറശാല സ്വദേശി ഗംഗാധരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കരമന പൊലീസാണ് പ്രതിയായ മേലാറന്നൂര്‍ സ്വദേശിനി സുഗതകുമാരിയെ(38) അറസ്റ്റ് ചെയ്തത്. നഗരത്തിലെ പല സ്ഥലങ്ങളിലായി വീടു വാടകയ്ക്കെടുത്തതിനുശേഷമായിരുന്നു ഇവര്‍ കൃത്യം നിര്‍വഹിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കിഴക്കേക്കോട്ടയില്‍ വെച്ചാണു ഗംഗാധരനും സുഗതകുമാരിയും പരിചയപ്പെട്ടത്. ഗംഗാധരന്റെ മൊബൈല്‍ ഫോണില്‍ നിരന്തരം വിളിച്ചു ബന്ധം സ്ഥാപിച്ചശേഷം ഇയാളെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്. ഓട്ടോറിക്ഷയില്‍ ഇരുവരും മേലാറന്നൂര്‍ റെയില്‍വേ ക്രോസിനടുത്തുള്ള സുഗതകുമാരിയുടെ വാടകവീട്ടിലേക്ക് എത്തി.

വീടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ട ശേഷം സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു.വിസമ്മതിച്ച ഗംഗാധരനെ, തന്നെ മാനഭംഗപ്പെടുത്തി എന്നു പറഞ്ഞു നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. അതോടെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടര്‍ന്നു കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സ്വര്‍ണാഭരണങ്ങള്‍ മണക്കാട്ടുള്ള സ്വര്‍ണപ്പണയ സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തു.

ഓരോ കവര്‍ച്ചയ്ക്ക് ശേഷം ഇവര്‍ വീടു മാറും. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പണയം വച്ച് ആര്‍ഭാട ജീവിതമാണു നയിച്ചു വന്നത്. ഇവര്‍ക്കെതിരെ മലയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ രണ്ടു മാലമോഷണ കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞു മാസങ്ങള്‍ക്കു മുമ്പാണു പുറത്തിറങ്ങിയത്. കരമന സബ് ഇന്‍സ്പെക്ടര്‍ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

chandrika: