തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബാട്ടിക്കെതിരേയും ഭാര്യാപിതാവും സിനിമതാരവുമായ വെങ്കടേഷ് ദഗ്ഗുബാട്ടിക്കെതിരേയും പൊലീസ് കേസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. താരങ്ങളെ കൂടാതെ റാണയുടെ പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി, സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസുണ്ട്.
2022ലാണ് കേസുമായി ബന്ധപ്പെട്ട തര്‍ക്കം ആരംഭിക്കുന്നത്. ഫിലിം നഗറിലെ സ്ഥലം ദഗ്ഗുബാട്ടി കുടുംബം നന്ദകുമാര്‍ എന്ന വ്യവസായിക്ക് ലീസിന് നല്‍കിയിരുന്നു. ഇവിടെ ഡെക്കാന്‍ കിച്ചണ്‍ എന്ന ഹോട്ടല്‍ നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സ്ഥലം ലീസിന് നല്‍കിയതുമായി ബന്ധപ്പെട്ട് ദഗ്ഗുബാട്ടി കുടുംബവും നന്ദ കുമാറും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിക്കുകയും ഇത് നിയമപോരാട്ടത്തിലേക്കെത്തുകയും ചെയ്തു. നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ ഫിലിം നഗര്‍ പൊലീസ്് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കോടതി കസ്റ്റഡിയിലായിരുന്നു ഹോട്ടല്‍. ഇതിനിടെയാണ് ദഗ്ഗുബാട്ടി കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ പൊളിച്ചത്. സംഭവത്തില്‍ വെങ്കടേഷ്, റാണ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഐ.പി.സി 448, 452,458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹോട്ടലിനെതിരേ നടപടിയുണ്ടാവരുതെന്ന സിറ്റി സിവില്‍ കോടതിയുടേയും തെലങ്കാന ഹൈക്കോടതിയുടേയും ഉത്തരവ് നിലനില്‍ക്കെ ദഗ്ഗുബാട്ടിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പരിസരത്തേക്ക് അതിക്രമിച്ചുകയറുകയും മോഷണവും ആക്രമണവും നടത്തിയെന്ന് നന്ദകുമാര്‍ പരാതിപ്പെട്ടു. 20 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.