X

വ്യാജവീഡിയോ; കുമ്മനത്തിനെതിരെ കേസെടുത്തു; നിയമപരമായി നേരിടുമെന്ന് കുമ്മനം

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. വ്യാജവീഡിയോ പ്രചരിപ്പിച്ച് സി.പി.എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംഭവത്തെ നിയമപരമായി നേരിടുമെന്ന് കുമ്മനം പറഞ്ഞു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ഏതറ്റംവരെയും പോയി നേരിടുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. വ്യാജവീഡിയോ പ്രചരിപ്പിച്ച് സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 153(എ) പ്രകാരമാണ് കേസെടുത്തത്. അഞ്ചുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുമ്മനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വധിച്ചതിനുശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരില്‍ വ്യാജവീഡിയോ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്. കുമ്മനം പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശേരിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ആഹ്ലാദ പ്രകടനമാണെന്നാണ് പോലീസ് പറഞ്ഞു.

എന്നാല്‍ വീഡിയോയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കുമ്മനം പ്രതികരിച്ചു. ജയിലില്‍ പോകാന്‍ തയ്യാറാണ്. 14 സ്ഥലങ്ങളില്‍ സി.പി.എം ആഹ്ലാദപ്രകടനം നടത്തിയെന്നും ഇതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

chandrika: