ലഹരി വാങ്ങി വിൽക്കുന്ന ഇടനിലക്കാരായി പോലീസുകാരും. മലപ്പുറത്തെ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ഫോഴ്‌സ് (ഡാൻസാഫ്) ലഹരി ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു. പോലീസിന് ലഹരിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഫോൺ സംഭാഷണം. 50 ഗ്രാം ലഹരി വാങ്ങാമെന്ന് ഡാൻസാഫിനോട് പറയുമ്പോൾ ബാംഗ്ലൂരിൽ പോയി വാങ്ങണമെങ്കിൽ 100 ഗ്രാമെങ്കിലും വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.
ലഹരി സംഘത്തിന് സുരക്ഷിതമായി മരുന്ന് കടത്താൻ അവരുടെ വാഹനത്തിൽ വെക്കാനുള്ള പോലീസ് ബോർഡും പോലീസ് തന്നെ കൊടുക്കുന്നുണ്ട്. പിടിക്കപ്പെടുന്ന ലഹരി വസ്തുക്കൾ കോടതിയിലെത്തുമ്പോൾ പകുതിയാകുന്നു എന്ന വിവരങ്ങളും പുറത്ത് വന്നു. മാരകമായ മയക്കുമരുന്നുകളാണ് പോലീസ് വാങ്ങുന്നത്. ഡാൻസാഫിലെ ഒരു ഉദ്യോഗസ്ഥനും മയക്കുമരുന്ന് സംഘത്തിലെ ഒരംഗവും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്.