തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്നയാളാണ് ജേക്കബ് വടക്കഞ്ചേരി, ആയുര്‍വേദ ചികിത്സകനെന്നാണ് മോഹനന്‍ വൈദ്യരുടെ അവകാശവാദം. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമെന്നായിരുന്ന ജേക്കബ് വടക്കഞ്ചേരി അഭിപ്രായപ്പെട്ടത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. നിപ്പ വൈറസ് ബാധമൂലം ആളുകള്‍ മരിച്ച പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച മാങ്ങയും ചാമ്പക്കയും കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നിപ്പ വൈറസ് ഇല്ലെന്നായിരുന്നു മോഹനന്‍ വൈദ്യരുടേയും അഭിപ്രായം. ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.