X

പ്രതിയെ പിടിക്കാന്‍ ആദിവാസി കുടുംബത്തെ മര്‍ദിച്ച് പൊലീസ്; അടിസ്ഥാന രഹിതമെന്ന് പൊലീസ്

നിലമ്പൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ആദിവാസി യുവാവിനെ പിടിക്കാനെത്തിയെ പൊലീസ് സംഘം കുടുംബാംഗങ്ങളെ മര്‍ദിച്ചെന്നു പരാതി. പോത്തുകല്‍ വെളുമ്പിയംപാടം ചേന്നന്‍പൊട്ടി കോളനിയിലെ സൂരജ് (17), സഹോദരി സ്‌നേഹപ്രിയ (15), മാതാവ് റീന (35) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിധവയായ റീനയുടെ മകന്‍ ഉണ്ണിക്കുട്ടന്‍ (23) വഴിക്കടവ് സ്‌റ്റേഷനില്‍ 2019ല്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാകാത്തതിന് പ്രതിക്കെതിരെ അറസ്റ്റ് വാറന്റുണ്ട്. സംഭവത്തെക്കുറിച്ച് റീന പറഞ്ഞതിങ്ങനെ: ‘പുലര്‍ച്ചെ 5.30ന് വഴിക്കടവ്, പോത്തുകല്ല് സ്‌റ്റേഷനുകളിലെ 6 പൊലീസുകാര്‍ വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി. മൂടിപ്പുതച്ച് ഉറങ്ങുയായിരുന്ന സൂരജിനെ ഉണ്ണിക്കുട്ടനാണന്നു കരുതി പിടികൂടി. തടയാന്‍ ശ്രമിച്ച എന്നെ ലാത്തികൊണ്ട് അടിച്ചു, നെഞ്ചിനു ചവിട്ടി.

ഇളയ മകള്‍ ദൃശ്യ(7), സ്‌നേഹപ്രിയ എന്നിവരെ മര്‍ദിച്ചു. ദൃശ്യയുടെ പാഠപുസ്തകങ്ങള്‍ വാരി മുറ്റത്തിട്ടു. സൂരജിനെ മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിച്ചു. കോളനിയില്‍ മറ്റൊരു വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനെ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി പിടികൂടി സംഘം മടങ്ങി. സൂരജിന്റെ വാരിയെല്ലിനു ക്ഷതമുണ്ട്. പൊലീസിനെതിരെ നീങ്ങിയാല്‍ പൊലീസ് ജീപ്പ് കേടുവരുത്തിയെന്ന കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉണ്ണിക്കുട്ടന്‍ സ്‌റ്റേഷനില്‍നിന്ന് ഫോണ്‍ ചെയ്തു പറയുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ട്. കലക്ടര്‍ക്ക് പരാതി നല്‍കും’.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് വഴിക്കടവ് പൊലീസ്. വാറന്റ് പ്രകാരം പിടികൂടാന്‍ മുന്‍പ് പലതവണ ശ്രമിച്ചപ്പോള്‍ ഉണ്ണിക്കുട്ടന്‍ കടന്നുകളഞ്ഞു. ഇത്തവണ കസ്റ്റഡിയില്‍നിന്ന് ബലമായി പ്രതിയെ മോചിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. കുടുംബാംഗങ്ങള്‍ക്ക് ഉന്തിലും തള്ളിനും ഇടയില്‍ പരുക്കേറ്റതാകാമെന്നും പൊലീസ് പറയുന്നത്.

webdesk14: