X

പ്രവാചകനിന്ദക്കെതിരെ പള്ളിയില്‍ പ്രഭാഷണത്തിന് പൊലീസ് വിലക്ക്

കണ്ണൂര്‍: പ്രവാചകനിന്ദക്കെതിരെ പള്ളിയില്‍ പ്രഭാഷണം നടത്തുന്നതിന് പൊലീസ് വിലക്ക്. വെള്ളിയാഴ്ച ജുമുഅ ശേഷം നടത്തുന്ന പ്രഭാഷണത്തില്‍ വിഷയം ഉന്നയിച്ച് പ്രസംഗിച്ചാല്‍ ഇമാമിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മഹല്ല് സെക്രട്ടറിമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹല്ല് സെക്രട്ടറിമാര്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി അറിയിച്ചു.

‘വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് നടത്തിവരുന്ന മതപ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ളതോ ആയ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല’ എന്നാണ് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ പേരില്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ഉയരുന്നത് തടയാനാണ് പൊലീസിന്റെ നീക്കം.

മത സ്ഥാപനങ്ങളെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കാനുള്ള നീക്കം സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനാണെന്ന ആരോപണം ഉയരുന്നുണ്ട്. പള്ളികള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളില്‍ നിന്ന് മതസൗഹാര്‍ദത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. എന്നാല്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നു എന്ന രീതിയിലുള്ള പൊലീസ് പരാമര്‍ശത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

Chandrika Web: