പൂനെ: രാജ്യത്ത് സവാള വില കുതിച്ചുയരുന്നതിനിടെ ഉള്ളി മോഷണത്തില്‍ രണ്ട് പേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ മൗജെ ദേവ്ജലി ഗ്രാമത്തിലാണ് സംഭവം. 550 കിലോ സവാള മോഷണംപോയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു.
മൗജെ ദേവ്ജലി സ്വദേശികളായ സഞ്ജയ്, പോപറ്റ് കാലെ എന്നിവരാണ് വെള്ളിയാഴ്ച് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഐപിസി 371, 511 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ കനത്ത മഴയെത്തുടര്‍ന്ന് വിപണിയില്‍ സവാള വിതരണം കുറവായതിനെ തുടര്‍ന്ന് പൂനെയില്‍ ഉള്ളി വില ഇതിനകം ഒരു കിലോയ്ക്ക് 100 രൂപയായി. മഴ കാരണം സവാള കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമാണുണ്ടായത്.
മഹാരാഷ്ട്രയില്‍ ഉള്ളിവില കുതിക്കുകയാണ്. ഇതിനകം തന്നെ കിലോയ്ക്ക് നൂറ് രൂപയിലധികമാണ് വില. പുനെ സവാള(വെള്ള)യുടെ ഉത്പാദനം കുറഞ്ഞതോടെയാണ് രാജ്യത്ത് ഉള്ളിവില കുതിച്ചയര്‍ന്നത്. മുന്‍കാലങ്ങളിലും പുനെ സവാളയുടെ വില ഉയരുന്ന സമയത്ത് കര്‍ണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാല്‍ വില വര്‍ദ്ധന തടയാനാകുമായിരുന്നു. എന്നാല്‍ അധികമഴയും വെള്ളപ്പൊക്കവും മറ്റുമായി കര്‍ണാടകയിലും ഉള്ളി ക്ഷാമം നേരിട്ടതോടെ വില കുത്തനെ കൂടാന്‍ ഇടയായായി. കൃഷിനാശംമൂലം ഉത്പാദനം കുത്തനെ കുറഞ്ഞു.