ദോഹ: ഖത്തറിലെ പ്രമുഖ മ്യൂസിയത്തില്‍ നിന്നും പണം തട്ടിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ മേമേനോന്‍ (47) ആണ് പിടിയിലായത്. 5.5 കോടി രൂപയാണ് സുനില്‍ മ്യൂസിയം അധികൃതരില്‍ നിന്നും തട്ടിയത്. ഖത്തര്‍ അമീറിന്റെ സ്വര്‍ണഫ്രെയിമില്‍ തീര്‍ത്ത ചിത്രം വരയ്ക്കുന്നതിനായി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാംഗത്തിന്റെ പേരില്‍ മ്യൂസിയത്തിലേക്ക് ഇ മെയില്‍ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
ചിത്രരചനയ്ക്കായി ജെറോം നെപ്പോളിന്‍ എന്ന അമേരിക്കന്‍ കമ്പനിയെ ചുമതലപ്പെടുത്തിയതായും അഡ്വാന്‍സ് തുകയായി അഞ്ചു കോടി 20 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മ്യൂസിയത്തിലേക്ക് ഇമെയില്‍ സന്ദേശം അയച്ചത്. രാജകുടുംബാംഗത്തിന്റെ ഇമെയിലാണെന്ന ധാരണയില്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍ ഇമെയിലില്‍ പരാമര്‍ശിച്ച അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പണം കൈമാറിയത്. പിന്നീട് അമേരിക്കന്‍ കമ്പനിയുമായി ഇമെയില്‍ മുഖേന ആശയവിനിമയം നടത്തിയപ്പോള്‍ മറുപടി ലഭിക്കാതെ വന്നപ്പോഴാണ്് തട്ടിപ്പ് വെളിച്ചത്താവുന്നത്. ഐടി വിദഗ്ദ്ധര്‍ നടത്തിയ അന്വേഷണത്തില്‍ പണം പോയത് കൊടുങ്ങല്ലൂരിലെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഖത്തറിലെ ഉദ്യോഗസ്ഥര്‍ കൊടുങ്ങല്ലൂരിലെത്തി പോലീസിന് പരാതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ സിഐ പി.സി.ബിജുകുമാര്‍, എസ്.ഐ വിനോദ്കുമാര്‍, എ.എസ്.ഐ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒമാരായ സഞ്ജയന്‍, കെ.എം.മുഹമ്മദ് അഷ്‌റഫ്, എം.കെ.ഗോപി, സുനില്‍, സി.പി.ഒമാരായ ഗോപന്‍, ജീവന്‍, മനോജ്, സുജിത്ത് എന്നിവരുള്‍പ്പെട്ടതായിരുന്നു പ്രത്യേക അന്വേഷണസംഘം. കൊടുങ്ങല്ലൂര്‍ ചന്തപ്പുര നോര്‍ത്ത് എസ്ബിഐ ബ്രാഞ്ചിലെ ആര്‍ദ്ര എക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മതിലകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശാന്തിപുരം പടിഞ്ഞാറ് സ്വദേശിയാണ് അക്കൗണ്ട് ഉടമെയെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി വലയിലാകുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍മേനോന്‍ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഓഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ മടങ്ങിയെത്തി ചില ഓണ്‍ലൈന്‍ ബിസിനസുകള്‍ ചെയ്‌തെങ്കിലും പൊളിഞ്ഞതോടെയാണ് തട്ടിപ്പിലേക്ക് തിരിഞ്ഞതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഖത്തറിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സുനില്‍ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഒരു ആപ്പ് ഉപയോഗിച്ച് രാജകുടുബാംഗത്തിന്റെ പേരില്‍ ഇമെയില്‍ അയച്ചായിരുന്നു തട്ടിപ്പ്. അമേരിക്കന്‍ കമ്പനിയുടെ പേരില്‍ ഇമെയില്‍ വിലാസം ഇയാള്‍ സ്വന്തമായി ക്രിയേറ്റ് ചെയ്താണ് മ്യൂസിയം അധികൃതരുമായി ആശയവിനിമയം നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തത്.
പ്രതിയെ തിരിച്ചറിഞ്ഞതോടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. തുടര്‍ന്ന് ഇയാളുടെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാക്കുകയും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്.