വഡോദര: അന്താരാഷ്ട്ര ബന്ധമുള്ള അശ്ലീല ചാറ്റിങ് റാക്കറ്റ് നടത്തിപ്പുകാരന്‍ ഗുജറാത്തില്‍ പിടിയില്‍. വഡോദരയിലെ അകോട്ട മേഖലയില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുന്ന ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രമുഖരും ഉന്നതരും താമസിക്കുന്ന മേഖലയിലാണ് നീലേഷിന്റെ റായ് ഡിസൈന്‍ വേള്‍ഡ് എന്ന ആര്‍ക്കിടെക്ട് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പൊലീസ് നീലേഷിനെ പിടികൂടിയത്.
സ്ത്രീകളുമായുള്ള അശ്ലീല വീഡിയോ ചാറ്റിങ് സംഘടിപ്പിച്ചും അശ്ലീല വീഡിയോകള്‍ നിര്‍മിച്ചുമാണ് ഇയാള്‍ പണം സമ്പാദിച്ചിരുന്നത്. യൂറോപ്പ് കേന്ദ്രീകരിച്ചുള്ള അശ്ലീല വെബ്‌സൈറ്റിനായിരുന്നു ഈ വീഡിയോകള്‍ കൈമാറിയിരുന്നത്.
ആര്‍ക്കിടെക്ട് സ്ഥാപനത്തിലേക്ക് ജോലിക്കെടുക്കുന്ന യുവതികളെയാണ് അശ്ലീല വീഡിയോ ചാറ്റിങ്ങിനായി ദുരുപയോഗം ചെയ്തിരുന്നത്. ചില പുരുഷന്മാരുമായി വീഡിയോ ചാറ്റ് ചെയ്യേണ്ടിവരുമെന്ന് അഭിമുഖ സമയത്ത് തന്നെ സൂചന നല്‍കും. പിന്നീട് ഇത് അശ്ലീല വീഡിയോ ചാറ്റിങ്ങിലേക്ക് വഴിമാറും. ഇത്തരത്തില്‍ വഡോദര, സൂറത്ത്, മഹാരാഷ്ട്ര. ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി യുവതികളെ ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ സ്ഥാപനത്തില്‍നിന്ന് 19 യുവതികളുടെ പാസ്‌പോര്‍ട്ടുകളും 40 യുവതികളുടെ ബയോഡാറ്റകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമേ സെക്‌സ് ടോയ്‌സും 11 ലാപ്‌ടോപ്പുകളും രണ്ട് വെബ് ക്യാമറകളും രണ്ട് ടി.വികളും അശ്ലീല വീഡിയോകള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. നീലേഷ് ഗുപ്തയുടെ മൊബൈല്‍ ഫോണും കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.
2019 ഏപ്രില്‍ മുതല്‍ അശ്ലീല ചാറ്റിങ് നടത്തിവരുന്നതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ആര്‍ക്കിടെക്ടാണെങ്കിലും അശ്ലീല വീഡിയോകളിലൂടെ ലക്ഷങ്ങള്‍ ലഭിച്ചപ്പോള്‍ ഇത് തുടരുകയാണ് ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നേരത്തെ മറ്റുചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുവതികളെ ദുരുപയോഗം ചെയ്തിരുന്നത്. പിന്നീട് വഡോദരയിലേക്ക് താമസം മാറുകയായിരുന്നു.